ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മാർക്കറ്റ് ഓപ്പൺ ചെയ്ത് ഡോ. ഷംഷീർ വയലിൽ ; 4,708 കോടിയുടെ ആഗോള ബോണ്ടിന് പിന്നാലെ വ്യാപാരത്തിന് തിളക്കമാർന്ന തുടക്കം

Dr. Shamsheer Vayalil opens the market at the London Stock Exchange

2018-ന് ശേഷം മെന മേഖലയിൽ നിന്നുള്ള ആദ്യ ഹെൽത്ത്കെയർ കമ്പനി ബോണ്ട്

ലണ്ടൻ: അന്താരാഷ്ട്ര സാമ്പത്തിക വിപണിയിൽ വൻ ശ്രദ്ധ നേടിയ  4,708 കോടി രൂപയുടെ സുക്കൂക് ബോണ്ട്  സമാഹരണത്തിന് പിന്നാലെ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് പ്രമുഖ മലയാളി ആരോഗ്യ സംരംഭകൻ ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള ബുർജീൽ ഹോൾഡിങ്സ്.

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ചരിത്രപ്രസിദ്ധമായ ‘മാർക്കറ്റ് ഓപ്പൺ’ ചടങ്ങോടെയാണ് ബുർജീലിന്റെ പ്രഥമ സുക്കൂക് ബോണ്ട് (ഇസ്ലാമിക് ബോണ്ട്) ഔദ്യോഗികമായി അന്താരാഷ്ട്ര വിപണിയിൽ ട്രേഡിങ് ആരംഭിച്ചത്. യുകെയിലെ യുഎഇ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഷെയ്ഖ് ഖാലിദ് ബിൻ സൗദ് അൽ ഖാസിമി, ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച്  പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഇന്റർനാഷണൽ സെക്യൂരിറ്റീസ് മാർക്കറ്റിലാണ് ബോണ്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക (മെന) മേഖലയിൽ നിന്നുള്ള ഒരു  ഹെൽത്ത്കെയർ കമ്പനി 2018-ന് ശേഷം അന്താരാഷ്ട്ര വിപണിയിൽ പുറത്തിറക്കുന്ന ആദ്യ സുക്കൂക് ബോണ്ടാണിത്. കൂടാതെ മേഖലയിൽ അടുത്തിടെയുണ്ടായ  പ്രതിസന്ധികൾക്കും സംഭവവികാസങ്ങൾക്കും ശേഷം യുഎഇയിൽ നിന്ന് പുറത്തിറങ്ങുന്ന ആദ്യ കോർപ്പറേറ്റ് ബോണ്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്.

ആഗോള തലത്തിൽ ബുർജീൽ ഹോൾഡിങ്സിന്റെ സാന്നിധ്യം ശക്തമാക്കുന്ന സുപ്രധാനമായ ഒരു  അധ്യായത്തിനാണ് ലണ്ടൻ വിപണിയിൽ തുടക്കമിട്ടിരിക്കുന്നതെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ചികിത്സാ മികവിനൊപ്പം ദീർഘകാല സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്ന ഒരു അന്താരാഷ്ട്ര ആരോഗ്യരക്ഷാ പ്ലാറ്റ്ഫോമായി വളരാനുള്ള  പ്രതിജ്ഞാബദ്ധതയാണ് ഈ നേട്ടം വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആകെ 14,124 കോടി രൂപയുടെ സുക്കൂക് പ്രോഗ്രാമിന്റെ ഭാഗമായി 5 വർഷത്തെ കാലാവധിയിലാണ് ബോണ്ട് പുറത്തിറക്കിയത്. അന്താരാഷ്ട്ര റേറ്റിങ് ഏജൻസികളായ എസ് ആൻഡ് പി BB+’ റേറ്റിങ്ങും മൂഡീസ് ‘Ba2’ റേറ്റിങ്ങും നൽകിയ ബോണ്ടിന്റെ യീൽഡ് നിരക്ക് 7.125 ശതമാനമാണ്.

അന്താരാഷ്ട്ര, പ്രാദേശിക നിക്ഷേപകരിൽ നിന്നുൾപ്പെടെ കമ്പനി ലക്ഷ്യമിട്ട തുകയുടെ 3.2 ഇരട്ടിയിലധികമായ 15,066 കോടി രൂപയുടെ  നിക്ഷേപ താല്പര്യമാണ് ബോണ്ടിന് ലഭിച്ചത്. അപേക്ഷകൾ ലഭിച്ചതിൽ 61 ശതമാനവും യുകെ (34%), യുഎസ് ഓഫ്ഷോർ (24%), മറ്റ് ആഗോള വിപണികൾ (3%) എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര നിക്ഷേപകരായിരുന്നു. ബാക്കി 39 ശതമാനം നിക്ഷേപം ജിസിസി മേഖലയിൽ നിന്നുമാണ് ലഭിച്ചത്.

ലണ്ടൻ വിപണി വഴി ലഭ്യമാകുന്ന തുക കമ്പനിയുടെ നിലവിലുള്ള ബാധ്യതകൾ തീർക്കാനും ഗ്രൂപ്പിന്റെ തന്ത്രപ്രധാനമായ വികസന പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കും. അത്യാധുനിക ചികിത്സാരീതികൾ, മെഡിക്കൽ ഗവേഷണം, നിർമിത ബുദ്ധി, സാങ്കേതികവിദ്യകളുടെ വികസനം എന്നിവയ്ക്കും ഇത് സഹായകരമാകും.

യുഎഇ, ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലായി 20 ആശുപത്രികളും 41 മെഡിക്കൽ സെന്ററുകളും ഉൾപ്പെടെ 89 സ്ഥാപനങ്ങളാണ്  ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള ബുർജീൽ ഹോൾഡിങ്സിന് കീഴിൽ നിലവിലുള്ളത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!