ബാങ്ക് അകൗണ്ടിൽ നിന്നും പണം കവരുന്ന പുതിയ ഹാക്കിംഗ് തന്ത്രങ്ങൾക്കെതിരെ ദുബായ് പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
മുൻപത്തെപ്പോലെ എല്ലാവർക്കും ഒരേ രീതിയിലുള്ള വ്യാജ ലിങ്കുകളോ കെണികളോ അല്ല ഹാക്കർമാർ ഇപ്പോൾ ഉപയോഗിക്കുന്നത്. ആളുകൾ ഇന്റർനെറ്റിൽ തിരയുന്ന കാര്യങ്ങളും അവരുടെ താല്പര്യങ്ങളും (Needs and interests) നിരീക്ഷിച്ചാണ് ഇപ്പോൾ ഹാക്കർമാർ കെണികൾ ഒരുക്കുന്നത്.
ബാങ്കിംഗ്, നിക്ഷേപങ്ങൾ (Investment), ഡെലിവറി സർവീസുകൾ, സെക്യൂരിറ്റി അപ്ഡേറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട് ആളുകൾക്ക് വിശ്വാസം തോന്നുന്ന രീതിയിലാണ് വ്യാജ ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്നത്. തങ്ങൾക്ക് ആവശ്യമുള്ള ആപ്പാണെന്ന് കരുതി ആളുകൾ ഇത് ഡൗൺലോഡ് ചെയ്യുമ്പോൾ അവർ തട്ടിപ്പുകാരുടെ വലയിൽ വീഴുന്നുവെന്ന് ദുബായ് പോലീസിലെ ഇ-ക്രൈംസ് ആൻഡ് സൈബർ സെക്യൂരിറ്റി വിഭാഗം വ്യക്തമാക്കി.
ഈ വ്യാജ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന നിമിഷം മുതൽ ഫോണിന്റെ നിയന്ത്രണം ഹാക്കർമാരുടെ കൈകളിലാകും. ഒട്ടും ഒച്ചപ്പാടില്ലാതെ സൈലന്റായിട്ടാണ് ഈ പ്രക്രിയ നടക്കുക. ഫോണിലെ ബാങ്കിംഗ് വിവരങ്ങളും പാസ്വേഡുകളും ചോർത്തുന്നതോടെ ഉപയോക്താവ് അറിയാതെ തന്നെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം മുഴുവൻ കവരാൻ തട്ടിപ്പുകാർക്ക് സാധിക്കും.
സ്വയം രക്ഷയ്ക്കുള്ള പോലീസിന്റെ നിർദ്ദേശങ്ങൾ:
ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ പോലുള്ള ഔദ്യോഗികവും അംഗീകൃതവുമായ സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.
പാസ്വേഡുകൾ, ലോഗിൻ വിവരങ്ങൾ, ഒ.ടി.പി (OTP) കോഡുകൾ എന്നിവ ആരുമായും പങ്കുവെക്കരുത്.
ഫോണുകളിൽ വിശ്വസനീയമായ സെക്യൂരിറ്റി ആന്റിവൈറസ് സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുക.
ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള പണമിടപാടുകളുടെ അലർട്ടുകൾ (Banking alerts) എപ്പോഴും ആക്ടിവേറ്റ് ചെയ്തു വെക്കുക.
അപരിചിതമായ ഇടങ്ങളിൽ നിന്ന് വരുന്ന സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.
പരാതിപ്പെടേണ്ടത് എങ്ങനെ: ഇത്തരത്തിലുള്ള സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നവർ ഒട്ടും സമയം കളയാതെ ദുബായ് പോലീസിന്റെ സ്മാർട്ട് ആപ്പ് വഴിയോ, 901 എന്ന നമ്പറിൽ വിളിച്ചോ, അല്ലെങ്കിൽ പോലീസിന്റെ ഔദ്യോഗിക eCrime പ്ലാറ്റ്ഫോം വഴിയോ അടിയന്തിരമായി വിവരം റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഡിജിറ്റൽ ലോകത്തെക്കുറിച്ചുള്ള ബോധവൽക്കരണമാണ് ഇത്തരം തട്ടിപ്പുകൾക്കെതിരെയുള്ള ആദ്യ പ്രതിരോധമെന്നും പോലീസ് ഓർമ്മിപ്പിച്ചു.






