ദുബായിൽ കാറിൽ സഞ്ചരിക്കവേ അബോധാവസ്ഥയിലായ സ്ത്രീക്ക് ദുബായ് പോലീസ് രക്ഷകരായി.
പുലർച്ചെ 3:30-ന് അടിയന്തിര സേവന നമ്പറിലേക്ക് വിളിച്ച് “സഹോദരാ, ഞാൻ ജംഗ്ഷനിലാണ്…” എന്ന് വളരെ ക്ഷീണിച്ച ശബ്ദത്തിൽ പറഞ്ഞതിന് ശേഷം സ്ത്രീയുടെ ശബ്ദം നിലച്ചു പോകുകയായിരുന്നു.
മൂന്ന് സെക്കൻഡിനുള്ളിൽ കോൾ എടുത്ത കൺട്രോൾ റൂം ഓപ്പറേറ്റർ, സാഹചര്യം ഗുരുതരമാണെന്ന് മനസ്സിലാക്കി പോലീസ് ലൊക്കേഷൻ സിസ്റ്റം ഉപയോഗിച്ച് കോൾ വന്ന സ്ഥലം നദ്ദ് അൽ ഷെബ (Nad Al Sheba) മേഖലയാണെന്ന് കണ്ടെത്തി.അടുത്തുള്ള പോലീസ് പട്രോളിംഗ് സംഘങ്ങൾക്ക് ഉടൻ സന്ദേശം നൽകുകയും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള പ്രവേശന കവാടങ്ങളിൽ തിരച്ചിൽ കേന്ദ്രീകരിക്കുകയും ചെയ്തു.
റോഡിൽ നിന്ന് മാറി മണൽ നിറഞ്ഞ പ്രദേശത്ത് പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ കാറിൽ സ്ത്രീ അബോധാവസ്ഥയിലായിരുന്നു. തുടര്ന്ന് വാഹനം തുറന്ന് അവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.
രക്തത്തിലെ ഷുഗർ ലെവൽ പെട്ടെന്ന് താഴ്ന്നതാണ് (Drop in blood sugar) സ്ത്രീ അബോധാവസ്ഥയിലാകാൻ കാരണം. “നിങ്ങൾ വളരെ വേഗത്തിലെത്തി എന്നെ മരണത്തിൽ നിന്ന് രക്ഷിച്ചു” എന്ന് പിന്നീട് സ്ത്രീ ദുബായ് പോലീസിന് നന്ദി അറിയിച്ചു.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തികൾ ദുബായ് പോലീസിന്റെ ‘ക്രിട്ടിക്കൽ മെഡിക്കൽ കേസസ്’ (Critical medical cases) പ്രോഗ്രാമിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
റഷ്യയിലായിരുന്ന ഒരാൾ ദുബായ് പോലീസിന്റെ ‘Your Security at the Touch of a Button’ ആപ്പ് വഴി നൽകിയ സന്ദേശത്തിൽ യു.എ.ഇയിലുള്ള സ്പോർട്സ് താരത്തിന് അടിയന്തര ശസ്ത്രക്രിയ ലഭ്യമാക്കാൻ കഴിഞ്ഞ സംഭവവും ആപ്പിന്റെ സേവന മികവായി പോലീസ് ചൂണ്ടിക്കാട്ടുന്നു.






