യുഎഇയെ ലക്ഷ്യമിട്ട് ചില മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾക്കും വ്യാജ വാർത്തകൾക്കുമെതിരെ യു.എ.ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് രംഗത്തെത്തി.
തെറ്റായ പ്രചാരണങ്ങളിൽ ശ്രദ്ധ തിരിക്കാതെ, മേഖലയിലെ സംഭവവികാസങ്ങളെ നേരിടുന്നതിലും അടുത്ത ഘട്ടത്തിലേക്ക് തയ്യാറെടുക്കുന്നതിലുമാണ് യു.എ.ഇ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഡോ. അൻവർ മുഹമ്മദ് ഗർഗാഷ് ഇന്ന് ബുധനാഴ്ച വ്യക്തമാക്കി. തൊഴിലാളികളുടെ റെസിഡൻസി വിസകൾ റദ്ദാക്കുന്നുവെന്നതും ഇറാന് സാമ്പത്തിക സൗകര്യങ്ങൾ നൽകുന്നുവെന്നതുമായ റിപ്പോർട്ടുകളും അദ്ദേഹം തള്ളി.
നിരാശാജനകമായ മാധ്യമ പ്രചാരണങ്ങളുടെ ഭാഗമായി ചില പ്ലാറ്റ്‌ഫോമുകൾ യു.എ.ഐക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ഡോ. ഗർഗാഷ് പറഞ്ഞു. പ്രായോഗികമായ മികച്ച ഫലങ്ങൾ കാണിച്ചുകൊണ്ട് ഇതിന് മറുപടി നൽകാനാണ് രാജ്യം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ചില ലക്ഷ്യാധിഷ്ഠിത പ്ലാറ്റ്‌ഫോമുകൾ യു.എ.ഇയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ രാജ്യം മേഖലയിലെ സംഭവവികാസങ്ങളെ കൈകാര്യം ചെയ്യുന്നതിലും അടുത്ത ഘട്ടത്തിലേക്ക് സജ്ജമാകുന്നതിലുമാണ് പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,” ഡോ. ഗർഗാഷ് എക്സിൽ (X) കുറിച്ചു.
“ഇത്തരം വ്യാജ അവകാശവാദങ്ങൾക്കുള്ള ഏറ്റവും നല്ല മറുപടി പ്രായോഗികമായ പ്രവർത്തനങ്ങളിലൂടെയും നേട്ടങ്ങളിലൂടെയും നൽകുക എന്നതാണ് യു.എ.ഐയുടെ രീതി,” അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുടെ റെസിഡൻസി വിസകൾ റദ്ദാക്കുന്നതിനെക്കുറിച്ചും ഇറാന് സാമ്പത്തിക സൗകര്യങ്ങൾ നൽകുന്നുവെന്നതിനെക്കുറിച്ചുമുള്ള ഊഹാപോഹങ്ങളെ അദ്ദേഹം പ്രത്യേകം നിഷേധിച്ചു.
“തൊഴിൽ റെസിഡൻസികൾ റദ്ദാക്കുന്നതിനെക്കുറിച്ചോ, ഇറാന് സാമ്പത്തിക സൗകര്യങ്ങൾ നൽകുന്നതിനെക്കുറിച്ചോ പ്രചരിക്കുന്ന ഊഹാപോഹങ്ങൾ പൂർണ്ണമായും തെറ്റാണ്. ഇത് നിരാശാജനകമായ മാധ്യമ പ്രചാരണങ്ങളുടെ ഭാഗമാണ്,” അദ്ദേഹം വ്യക്തമാക്കി.
പരിശോധിച്ച് ഉറപ്പുവരുത്താൻ കഴിയുന്ന പ്രായോഗിക ഫലങ്ങളാണ് വ്യാജ വാർത്തകൾക്കുള്ള ഏറ്റവും ശക്തമായ മറുപടിയെന്ന് ഡോ. ഗർഗാഷ് ഉപസംഹരിച്ചു. “വ്യാജ പ്രചാരണങ്ങളെക്കാൾ ശക്തമാണ് വസ്തുതകളും പ്രായോഗികമായ നേട്ടങ്ങളും. വെറും ബഹളങ്ങളെക്കാൾ ശക്തമാണ് നമ്മൾ ചെയ്യുന്ന പ്രവർത്തനങ്ങൾ,” അദ്ദേഹം പറഞ്ഞു.






