സോഷ്യൽ മീഡിയ വഴിയുള്ള ആരോഗ്യ സേവന പരസ്യങ്ങൾക്ക് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഡോക്ടർമാരും ആരോഗ്യ സ്ഥാപനങ്ങളും പരസ്യങ്ങളിൽ അതിശയോക്തി കലർന്ന അവകാശവാദങ്ങൾ ഉന്നയിക്കരുതെന്നാണ് പുതിയ നിയമം വ്യക്തമാക്കുന്നത്.
പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
വിലക്കപ്പെട്ട വാക്കുകൾ: ‘ഏറ്റവും മികച്ചത്’ (the best), ‘100%’, ‘പാർശ്വഫലങ്ങളില്ലാത്തത്’ (no side effects), ‘പെട്ടെന്നുള്ള ഫലം’ (immediate results), ‘മാന്ത്രികം’ (magic), ‘അത്ഭുതം’ (miraculous), ‘തുല്യതയില്ലാത്തത്’ (unique/exclusive) തുടങ്ങിയ വാഗ്ദാനങ്ങളും പൂർണ്ണത അവകാശപ്പെടുന്ന വാക്കുകളും പരസ്യങ്ങളിൽ ഉപയോഗിക്കാൻ പാടില്ല.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് നിരോധനം: രോഗികളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്നതോ, ഭയപ്പെടുത്തുന്നതോ, ആവശ്യമില്ലാത്ത ചികിത്സകൾക്കായി പ്രേരിപ്പിക്കുന്നതോ ആയ പരസ്യങ്ങൾ പാടില്ല. ചികിത്സാ ഫലങ്ങളെക്കുറിച്ച് യാഥാർത്ഥ്യബോധമില്ലാത്ത പ്രതീക്ഷകൾ നൽകാനും പാടില്ല.
ഡോക്ടർമാർ തമ്മിലുള്ള താരതമ്യം: സ്വന്തം സേവനങ്ങളോ ഉൽപ്പന്നങ്ങളോ മറ്റ് ഡോക്ടർമാരേക്കാളോ ആരോഗ്യ സ്ഥാപനങ്ങളേക്കാളോ മികച്ചതാണെന്ന് അവകാശപ്പെടാൻ പാടില്ല. ഒരു സേവനം മറ്റൊതിനേക്കാൾ സുരക്ഷിതമാണെന്ന് വരുത്തിത്തീർക്കുന്ന പ്രസ്താവനകളും ഒഴിവാക്കണം.
ശാസ്ത്രീയ അടിത്തറയും അപകടസാധ്യതകളും: പരസ്യങ്ങളിലെ വിവരങ്ങൾ സത്യസന്ധവും ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതുമായിരിക്കണം. ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള ഇൻവേസീവ് (invasive) ചികിത്സകളുടെ പരസ്യങ്ങളിൽ അവയുടെ അപകടസാധ്യതകളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ വ്യക്തമായി ഉൾപ്പെടുത്തണം.
DHA-യുടെ ലൈസൻസുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും പ്രൊഫഷണലുകൾക്കും ഈ നിയമങ്ങൾ ബാധകമാണ്.






