ദുബായ്, അബുദാബി ഉൾപ്പെടെയുള്ള യുഎഇയുടെ വിവിധ ഭാഗങ്ങളിൽ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി.
കിഴക്കുനിന്നും രൂപംകൊണ്ട ഉപരിതല ന്യുനമർദ്ദത്തിന്റെയും മുകളിലെ അന്തരീക്ഷത്തിലെ ന്യുനമർദ്ദത്തിന്റെയും സ്വാധീനഫലമായാണ് കാലാവസ്ഥയിൽ ഈ മാറ്റമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിലും ചില സമയങ്ങളിൽ 35 കിലോമീറ്റർ വേഗതയിലും തെക്ക്-കിഴക്ക് ദിശയിൽ നിന്ന് വടക്കുകിഴക്ക് ദിശയിലേക്ക് കാറ്റ് വീശുന്നുണ്ട്. ഇത് ചിലയിടങ്ങളിൽ ദൃശ്യപരത (Visibility) കുറയാൻ കാരണമായിട്ടുണ്ട്. അതേസമയം, അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കുമെന്നാണ് പ്രവചനം.
രാജ്യത്ത് പൊതുവെ മിതമായതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. തീരദേശങ്ങളിൽ ഉയർന്ന താപനില 39°C നും 44°C നും ഇടയിലായിരിക്കുമെന്നും, ഉൾപ്രദേശങ്ങളിൽ ഇത് 42°C മുതൽ 46°C വരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. രാത്രികാലങ്ങളിൽ താപനില ഗണ്യമായി കുറയും.
റോഡുകളിൽ ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കുകയും സുരക്ഷിത അകലം പാലിക്കുകയും ചെയ്യുക. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ പകൽ സമയത്ത് ദീർഘനേരം പുറത്തിറങ്ങുന്നത് ഒഴിവാക്കുക.
കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ ജനങ്ങൾ ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്താൻ ശ്രദ്ധിക്കുക.






