ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് FZ1073 വിമാനത്തിലുണ്ടായ സുരക്ഷാ സംഭവത്തിൽ പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ചാർ യു.എ.ഇയിൽ സുഖം പ്രാപിച്ചുവരികയാണെന്ന് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.
സൗദി അറേബ്യയിലെ തബൂക്കിൽ ചികിത്സയിലായിരുന്ന ഫ്ലൈദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി യു.എ.ഇയിലേക്ക് എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച അദ്ദേഹത്തെ യു.എ.ഇയിലെത്തിച്ച ശേഷം ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ആശുപത്രിയിലെത്തി സന്ദർശിക്കുകയും കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു.
സമാനതകളില്ലാത്ത സാഹസികതയിലൂടെ വലിയൊരു ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ രാജ്യം മുഴുവൻ അഭിമാനത്തോടെയാണ് കാണുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട സമഗ്രമായ അന്വേഷണങ്ങൾ യു.എ.ഇ അധികൃതർ തുടരുന്നുണ്ടെന്നും, ഇന്ത്യൻ മിഷൻ സദാസമയവും കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും എംബസി അറിയിച്ചു.






