ദുബായിൽ വൻ ലഹരിമരുന്ന് വേട്ട; 11.5 കോടിയിലേറെ ദിർഹം വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി 14 പേർ പിടിയിൽ. ദുബായ് പോലീസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ആന്റി നാർക്കോട്ടിക്സിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക നീക്കത്തിലാണ് അന്താരാഷ്ട്ര ബന്ധമുള്ള വൻ ലഹരിമരുന്ന് സംഘം പിടിയിലായത്.
2,323 കിലോഗ്രാം ഭാരമുള്ള ലഹരിഗുളികകളും മാനസികാരോഗ്യത്തെ ബാധിക്കുന്ന സൈക്കോട്രോപിക് വസ്തുക്കളുമാണ് പിടികൂടിയവയിൽ പ്രധാനപ്പെട്ടവ. ഏകദേശം 115,191,233 ദിർഹമാണ് ഇതിന്റെ വിപണിമൂല്യം.
ക്സാനക്സ് (Xanax), ട്രാമാഡോൾ (Tramadol), ലിറിക്ക (Lyrica) തുടങ്ങിയ കുറിപ്പടി മരുന്നുകൾക്ക് പുറമെ ക്രിസ്റ്റൽ മെത്ത്, കഞ്ചാവ്, അൽക്കോൺ മൈഡ്രിയാസിൽ ഐ ഡ്രോപ്സ്, ലഹരി പദാർത്ഥങ്ങൾ മുക്കിയ പേപ്പറുകൾ എന്നിവയും കണ്ടെടുത്തു.
യു.എ.ഇയിൽ ലഹരിമരുന്ന് വിതരണം ചെയ്യാൻ സംഘം പദ്ധതിയിടുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് ആന്റി നാർക്കോട്ടിക് വിഭാഗം അന്വേഷണം ആരംഭിച്ചത്.
ഏഷ്യക്കാരായ 14 പ്രതികളെയും കൃത്യമായ നിരീക്ഷണത്തിനൊടുവിൽ ഒരേസമയം നടത്തിയ പരിശോധനയിലാണ് പോലീസ് പിടികൂടിയത്. 113 കാർട്ടണുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ. വിദേശത്തെ ക്രിമിനൽ ശൃംഖലയുമായി ഇവർക്ക് ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞിട്ടുണ്ട്. പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.






