മികച്ച സേവനം കാഴ്ചവെച്ച സ്വകാര്യമേഖലയിലെ അധ്യാപകർക്ക് ഗോൾഡൻ വിസ അനുവദിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
എർലി ചൈൽഡ്ഹുഡ് സെന്ററുകൾ, സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും വിദ്യാർത്ഥികളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുകയും ചെയ്ത തിരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്കാണ് ദുബായ് ഗോൾഡൻ വിസ ലഭിച്ചിരിക്കുന്നത്.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് അധ്യാപകരെ ആദരിച്ചത്.
പ്രഗത്ഭരായ അധ്യാപകരെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള ദുബായ് എഡ്യൂക്കേഷൻ 33 (E33) പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം. ഇത് ദുബായിന്റെ പ്രാദേശികവും അന്താരാഷ്ട്രവുമായ മത്സരശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.
വിദ്യാഭ്യാസ മേഖലയിലെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകർ നൽകുന്ന സേവനങ്ങളെ അംഗീകരിക്കുന്നതിനുമുള്ള ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് ഇത് വ്യക്തമാക്കുന്നത്.






