സൗദി അറേബ്യയ്ക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾ യു.എ.ഇയുടെയും മുഴുവൻ ഗൾഫ് രാജ്യങ്ങളുടെയും സുരക്ഷയെ ബാധിക്കുന്നതാണെന്നും, സംയുക്ത ഗൾഫ് സുരക്ഷാ പ്രവർത്തനങ്ങൾ അടിയന്തരമായി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് വ്യക്തമാക്കി. ഗൾഫ് മേഖലയ്ക്ക് നേരെയുണ്ടാകുന്ന ഭീഷണികൾ ഒന്നിച്ച് നേരിടേണ്ടതുണ്ടെന്നും ഏതെങ്കിലും ഒരു രാജ്യത്തിന്റെ മാത്രം പ്രശ്നമായി ഇതിനെ കാണാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗൾഫ് രാജ്യങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നവർ അവരെ ദുർബലരായി കാണുന്നതാണ് ഇതിന് കാരണം. എന്നാൽ മേഖലയുടെ സുരക്ഷ എന്നത് വിഭജിക്കാനാവാത്ത ഒന്നാണെന്നും (Indivisible) അത് എല്ലാ രാജ്യങ്ങളുടെയും പങ്കുവെക്കപ്പെട്ട ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മുൻകാലങ്ങളിൽ സുരക്ഷാ കൂട്ടായ്മയുടെ കാര്യത്തിലുണ്ടായ ഗുരുതരമായ അവഗണനയാണ് ശത്രുക്കൾക്ക് മേഖലയിൽ ആക്രമണം നടത്താൻ ധൈര്യം നൽകിയതെന്നും, ഇനി ഇക്കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയോ വൈകലോ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.






