45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ (SIBF 2026) പ്രധാന അതിഥികളിലൊരാളായി കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അദ്ദേഹത്തിന്റെ ആദ്യ യു.എ.ഇ സന്ദർശനമാണിത്.
പുസ്തകോത്സവത്തിൽ ഏറ്റവും കൂടുതൽ പങ്കാളിത്തമുള്ള മലയാളി പ്രവാസി സമൂഹത്തിന് വി.ഡി. സതീശന്റെ സാന്നിധ്യം വലിയ ആവേശം പകരും. എന്നാൽ അദ്ദേഹത്തിന്റെ സെഷൻ ഏത് ദിവസമാണെന്ന വിവരങ്ങൾ സംഘാടകർ ഉടൻ പുറത്തുവിടും.
നവംബർ 4 മുതൽ 15 വരെ ഷാർജ എക്സ്പോ സെന്ററിലാണ് പുസ്തകോത്സവം അരങ്ങേറുന്നത്. ‘മേഡ് ഓഫ് സ്റ്റോറീസ്’ (Made of Stories) എന്നതാണ് ഈ വർഷത്തെ പ്രമേയം.
ഇന്ത്യൻ എഴുത്തുകാരിയും നടിയുമായ ഷെനാസ് ട്രഷറിവാല, നൈജീരിയൻ-അമേരിക്കൻ എഴുത്തുകാരി നെഡി ഒകോറഫോർ, ബ്രിട്ടീഷ് നോവലിസ്റ്റ് ക്ലെയർ മക്കിന്റോഷ്, ചൈനീസ് തിരക്കഥാകൃത്ത് ലിയു ഴെൻയുൻ തുടങ്ങിയ പ്രമുഖരും മേളയിൽ മാറ്റുരയ്ക്കും.






