ഹോർമുസ് കടലിടുക്കിലും റൊമാനിയയിലും വ്യത്യസ്ത കപ്പലുകളിലുണ്ടായ അപകടങ്ങളിൽപ്പെട്ട 24 ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്നും ആർക്കും പരിക്കുകളോ ജീവഹാനിയോ സംഭവിച്ചിട്ടില്ലെന്നും കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. കപ്പൽ മാനേജ്മെന്റ് കമ്പനികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സത്വര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലെ സംഭവം: ഒക്ടോബർ 16-ന് ഹോർമുസ് കടലിടുക്കിൽ വെച്ചാണ് 15 ഇന്ത്യൻ നാവികരുള്ള ക്രൂഡോയിൽ ടാങ്കർ ആയ ‘എം.ടി എസ്.ടി 3’ (MT ST 3) മിസൈൽ പോലുള്ള ഒരു വസ്തുവിന്റെ ആക്രമണത്തിന് ഇരയായത്. കപ്പലിലുണ്ടായിരുന്ന മുഴുവൻ ഇന്ത്യക്കാരും സുരക്ഷിതരാണെന്നും ആർക്കും പരിക്കില്ലെന്നും മന്ത്രി സ്ഥിരീകരിച്ചു.
റൊമാനിയൻ തീരത്തെ ഡ്രോൺ ആക്രമണം: മറ്റൊരു സംഭവത്തിൽ, ഒക്ടോബർ 14-ന് റൊമാനിയയിലെ സുലിന ആങ്കറേജിൽ (Sulina Anchorage) വെച്ച് 9 ഇന്ത്യൻ നാവികരുള്ള ‘യാര ജെ’ (YARA J) കെമിക്കൽ ടാങ്കർ ഡ്രോൺ ആക്രമണത്തിന് ഇരയായിരുന്നു. ഈ കപ്പലിലുണ്ടായിരുന്നവരും സുരക്ഷിതരാണ്.






