അബുദാബിയിൽ കാൽനടക്കാർക്കായി മാത്രം മാറ്റിവെച്ചിരിക്കുന്ന പാതകളിലോ മറ്റ് അനധികൃത സ്ഥലങ്ങളിലോ സൈക്കിളുകളും ഇലക്ട്രിക് സ്കൂട്ടറുകളും ഉപയോഗിക്കുന്നവർക്ക് 500 ദിർഹം പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പൊതുസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കാൽനടയാത്ര പാതകളും സൈക്ലിംഗ് റൂട്ടുകളും കർശനമായി വേർതിരിച്ചു സൂക്ഷിക്കണമെന്ന് മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് (DMT) ഓർമ്മിപ്പിച്ചു.
നടത്തത്തിനായോ ജോഗിങ്ങിനായോ മാത്രമായി നിശ്ചയിച്ചിട്ടുള്ള പാതകളിൽ സൈക്കിളോ ഇ-സ്കൂട്ടറോ ഓടിക്കുന്ന റൈഡർമാർക്കാണ് ഈ പിഴ ബാധകമാകുന്നത്. കാൽനടയാത്രക്കാർക്ക് ഇതിൽ പങ്കില്ലെന്നും കുറ്റം റൈഡർമാർക്ക് മാത്രമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വിനോദത്തിന് പുറമെ സമീപകാലത്തായി ഹ്രസ്വകാല യാത്രകൾക്കും അയൽപക്കങ്ങളിലേക്കും പൊതുഗതാഗത സ്റ്റേഷനുകളിലേക്കും എത്തുന്നതിനായി ആളുകൾ സൈക്കിളുകളും ഇ-സ്കൂട്ടറുകളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കാൽനടക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ കർശന നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.





