അഗർത്തലയിൽ നിന്ന് കൊൽക്കത്തയിലേക്ക് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോവുകയായിരുന്ന എയർ ആംബുലൻസിന്റെ വാതിൽ യാത്രയ്ക്കിടെ തുറന്നതിനെ തുടർന്ന് ബംഗ്ലാദേശിലെ ധാക്കയിൽ അടിയന്തര ലാൻഡിംഗ് നടത്തി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയായ 56-കാരി അഞ്ജന ഭൗമിക് (Anjana Bhowmik) മരണപ്പെട്ടു.
‘Beechcraft King Air C90A’ (VT-HYA) എന്ന വിമാനം 12,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് സാങ്കേതിക തകരാറിനെ തുടർന്ന് വിമാനത്തിന്റെ വാതിൽ പകുതിയോളം തുറന്നത്. തുടർന്ന് ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (Hazrat Shahjalal International Airport) വിമാനം അടിയന്തരമായി തിരിച്ചുവിടുകയായിരുന്നു.
ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 1:40-ഓടെ വിമാനം സുരക്ഷിതമായി ധാക്കയിൽ ലാൻഡ് ചെയ്തു. തുടർന്ന് രോഗിയെ സമീപത്തെ കുർമിറ്റോള ആശുപത്രിയിലേക്ക് (Kurmitola Hospital) മാറ്റിയെങ്കിലും വൈകുന്നേരം 4:40-ഓടെ മരണം സംഭവിക്കുകയായിരുന്നു.രണ്ട് പൈലറ്റുമാർ, ഡോക്ടർ, പാരാമെഡിക് ജീവനക്കാരൻ, രോഗിയുടെ രണ്ട് ബന്ധുക്കൾ എന്നിവരുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന മറ്റ് 6 പേരും സുരക്ഷിതരാണ്.
സാങ്കേതിക തകരാർ മൂലമാണോ അതോ മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ കാരണമാണോ മരണം സംഭവിച്ചതെന്ന് വ്യക്തമല്ല. ആവശ്യമായ അന്താരാഷ്ട്ര ലാൻഡിംഗ് അനുമതികൾ ഇല്ലാതിരുന്നിട്ടും മാനുഷിക പരിഗണന മുൻനിർത്തിയാണ് ബംഗ്ലാദേശ് അധികൃതർ വിമാനത്തിന് ലാൻഡ് ചെയ്യാൻ സൗകര്യമൊരുക്കിയത്.






