ദുബായ്, ഷാർജ ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ ചൊവ്വാഴ്ച കനത്ത മഴയും ഇടിമിന്നലും ആലിപ്പഴ വർഷവും അനുഭവപ്പെട്ടതിനെ തുടർന്ന് രാജ്യത്തുടനീളം ജാഗ്രതാ നിർദ്ദേശവുമായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം.
ശക്തമായ കാറ്റിനും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും അതീവ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വെള്ളക്കെട്ടുകൾ രൂപപ്പെടാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വാടികളിൽ (Wadis) നിന്നും ആളുകൾ വിട്ടുനിൽക്കണം. കൂടാതെ, കടലിൽ പോകുന്നതും ബീച്ചുകൾ സന്ദർശിക്കുന്നതും പൂർണ്ണമായും ഒഴിവാക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഷാർജയിലെ മരുഭൂമി മേഖലകളിൽ ഒട്ടകങ്ങൾക്ക് മേൽ ആലിപ്പഴം പെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വരും ദിവസങ്ങളിലും ചില പ്രദേശങ്ങളിൽ പ്രതികൂല കാലാവസ്ഥ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.






