അഞ്ച് പതിറ്റാണ്ടിലേറെക്കാലം യു.എ.ഇ ജനതയ്ക്കും ദുബായ് പോലീസിനും വേണ്ടി സമർപ്പിത സേവനം കാഴ്ചവെച്ച മേജർ ജനറൽ ഖലീഫ ബിൻ ധഹെൻ അൽ മുഹൈരിയുടെ വിയോഗത്തിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുശോചനം രേഖപ്പെടുത്തി.
“രാജ്യത്തെ ഏറ്റവും ആത്മാർത്ഥതയുള്ള മനുഷ്യരിൽ ഒരാളും, ദുബായ് പോലീസിന്റെ ഏറ്റവും അർപ്പണബോധമുള്ള നേതാക്കളിൽ ഒരാളുമായിരുന്നു അദ്ദേഹം,” എന്ന് ഷെയ്ഖ് മുഹമ്മദ് എക്സ് (X) പ്ലാറ്റ്ഫോമിൽ കുറിച്ചു. ദുബായ് ഒരിക്കലും തന്റെ വിശ്വസ്തരായ മനുഷ്യരെ മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായ് ജുമൈറയിൽ ജനിച്ച അൽ മുഹൈരി തന്റെ 14-ാം വയസ്സിൽ മിലിട്ടറി സർവീസിൽ പ്രവേശിക്കുകയും, ദുബായ് പോലീസിന്റെ ആദ്യകാല സ്ഥാപക അംഗങ്ങളിൽ ഒരാളായി മാറുകയും ചെയ്തു.
യു.എ.ഇയിലെ ഉദ്യോഗസ്ഥരുടെയും പ്രമുഖരുടെയും ആദരവ് പിടിച്ചുപറ്റിയ അദ്ദേഹം, രാജ്യത്തെ പോലീസിംഗിന്റെ കുലപതിയായും ‘ദി ഫാദർ’ എന്നും വിശേഷിപ്പിക്കപ്പെട്ടു. ജുമൈറ യൂണിവേഴ്സിറ്റിയുടെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം. സമൂഹത്തിന് നൽകിയ നിസ്തുലമായ സംഭാവനകളെ ഓർമ്മിച്ചുകൊണ്ടാണ് പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചത്.






