സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നതിനെതിരെ നിവാസികൾക്ക് കടുത്ത മുന്നറിയിപ്പുമായി ഷാർജ പോലീസ്. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്ക് യു.എ.ഇ നിയമപ്രകാരം കുറഞ്ഞത് ഒരു വർഷം വരെ തടവും 1,00,000 ദിർഹം (അല്ലെങ്കിൽ അതിൽ കൂടുതലോ) പിഴയും ലഭിക്കുമെന്ന് പോലീസ് ഓർമ്മിപ്പിച്ചു.
ഓൺലൈനിൽ തെറ്റായ പ്രചാരണങ്ങൾ എത്ര വേഗത്തിലാണ് പടരുന്നതെന്നും, അത് പൊതുജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി സൃഷ്ടിക്കുമെന്നും വ്യക്തമാക്കുന്ന ബോധവൽക്കരണ വീഡിയോ ഷാർജ പോലീസ് ഹെഡ്ക്വാർട്ടേഴ്സ് പുറത്തുവിട്ടു.
വ്യവസായശാലകളിലെ തീപിടുത്തത്തിന്റെ പഴയതോ വ്യാജമോ ആയ ദൃശ്യങ്ങൾ പോലെയുള്ള വിവരങ്ങൾ വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ സത്യസന്ധത പരിശോധിക്കാതെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഫോർവേഡ് ചെയ്യുന്ന രീതിക്കെതിരെ പോലീസ് മുന്നറിയിപ്പ് നൽകി.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും, വിവരങ്ങൾ സ്ഥിരീകരിക്കാതെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.






