റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 1, 2 ടെർമിനലുകളിൽ നിന്നുള്ള വിമാന സർവീസുകൾ ഒക്ടോബർ 25 ഞായറാഴ്ച മുതൽ പുനരാരംഭിച്ചതായി വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാർക്കായി പ്രത്യേക യാത്രാ നിർദ്ദേശങ്ങളും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.
പുതുക്കിയ അറിയിപ്പ് പ്രകാരം, വിമാനത്താവളത്തിന്റെ ടെർമിനൽ 1 ആഭ്യന്തര (Domestic) വിമാന സർവീസുകൾക്കും, ടെർമിനൽ 2 ദേശീയ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര (International) സർവീസുകൾക്കുമായി മാറ്റിവെച്ചിരിക്കുന്നു.
ഉറപ്പാക്കിയ ടിക്കറ്റുകളുള്ള യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപായി ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസ് സമയവും വിവരങ്ങളും ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
സൗദിയിലെ പ്രധാന വിമാനത്താവളങ്ങളും കേന്ദ്രങ്ങളും ലക്ഷ്യമിട്ട് യമനിലെ ഹൂതി വിമതർ ആക്രമണം നടത്തിയെന്ന അവകാശവാദങ്ങൾക്ക് പിന്നാലെയാണ് വിമാനത്താവള ഭരണകൂടം ടെർമിനലുകളിൽ നിന്നുള്ള പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിച്ച് ഉത്തരവിറക്കിയത്.






