സുഡാനീസ് സൈന്യത്തിന് വിദേശ രാജ്യങ്ങൾ വഴി അനധികൃതമായി ആയുധങ്ങളും വെടിമരുന്നുകളും സൈനിക ഉപകരണങ്ങളും എത്തിച്ചുനൽകുകയും നിയമവിരുദ്ധ പണമിടപാടുകൾ നടത്തുകയും ചെയ്ത അന്താരാഷ്ട്ര ശൃംഖലയിലെ 8 പ്രതികൾക്ക് അബുദാബി ഫെഡറൽ അപ്പീൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
ബിസിനസ് സ്ഥാപനങ്ങൾ, വ്യാജ ബാങ്ക് ഇടപാടുകൾ, കാഷ് പേയ്മെന്റുകൾ എന്നിവ മറയാക്കിയാണ് പ്രതികൾ ആയുധക്കടത്തും പണം വെളുപ്പിക്കലും നടത്തിയിരുന്നത്.
സുഡാനിലെ പ്രമുഖ വ്യക്തികളും മുൻ ഉദ്യോഗസ്ഥരുമടക്കം റാഷിദ് ഉമർ അബ്ദുൽ ഖാദിർ അലി, സലാഹ് അബ്ദുള്ള മുഹമ്മദ് (സലാഹ് ഗോഷ് – മുൻ ഇന്റലിജൻസ് മേധാവി), അഹമ്മദ് അബ്ദുള്ള (അബ്ദുള്ള ഖലാഫല്ല), അഹമ്മദ് റബീഇ സയ്യിദ് അഹമ്മദ്, മുഹമ്മദ് ഫത് അൽ ബേക്ക്, യാസിർ അബ്ദുൽ റഹ്മാൻ അൽ അട്ട (സുഡാൻ സൈനിക കമാൻഡർ), ഉസ്മാൻ അൽ സുബൈർ, മാഹർ അബ്ദുൽ ജലീൽ എന്നിവർക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ബിസിനസ് കമ്പനികളുടെ അക്കൗണ്ടുകൾ ഉപയോഗിച്ച് പണത്തിന്റെ യഥാർത്ഥ ഉറവിടവും ലക്ഷ്യസ്ഥാനവും മറച്ചുവെച്ചായിരുന്നു ആയുധ കടത്ത്.
കേസിൽ പിടിച്ചെടുത്ത വെടിമരുന്നുകൾ, മൊബൈൽ ഫോണുകൾ, കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ എന്നിവ സർക്കാരിലേക്ക് കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതികളെ യു.എ.ഇയിൽ നിന്ന് നാടുകടത്തും.






