അബുദാബി ബിഗ് ടിക്കറ്റിന്റെ സീരീസ് 292 (Series 292) ലൈവ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം (ഏകദേശം 57 കോടിയിലധികം ഇന്ത്യൻ രൂപ) ബിഗ് ടിക്കറ്റ് മെഗാ ജാക്ക്പോട്ട് സ്വന്തമാക്കി ദുബായിൽ താമസിക്കുന്ന ഇന്ത്യക്കാരി മീന സാരിൻ (Mina Sareen).
ദുബായിൽ താമസിക്കുന്ന മീന സാരിൻ എന്ന പ്രവാസിക്കാണ് ബിഗ് ടിക്കറ്റിന്റെ 25 ദശലക്ഷം ദിർഹം ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ മാസത്തെ ഫിലിപ്പൈൻസ് സ്വദേശിയായ വിജയി എടുത്ത 304251 എന്ന നമ്പർ ടിക്കറ്റാണ് മീനയ്ക്ക് വൻ വിജയം സമ്മാനിച്ചത്.
ബിഗ് ടിക്കറ്റ് അധികൃതർ വിജയവിവരം അറിയിച്ച് വിളിക്കുമ്പോൾ മീന ഭർത്താവിനൊപ്പം ദുബായിലെ ഒരു ഷോപ്പിംഗ് മാളിലായിരുന്നു. “ഞാനിപ്പോൾ സന്തോഷം കൊണ്ട് വിറയ്ക്കുകയാണ്, എന്താണ് പറയേണ്ടതെന്ന് അറിയില്ല” എന്നായിരുന്നു മീനയുടെ പ്രതികരണം.
കഴിഞ്ഞ 4 വർഷമായി ബിഗ് ടിക്കറ്റിൽ പങ്കാളിയാകുന്ന മീന, മൂന്ന് പേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘവുമായാണ് ഈ വൻ തുക വീതിച്ചെടുക്കുക.
ഈ രാജ്യത്ത് എല്ലാവരിലേക്കും സമൃദ്ധിയെത്തിക്കാൻ ഒരു മാന്ത്രികതയുണ്ടെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു, ഇന്ന് അത് വീണ്ടും സത്യമായിരിക്കുകയാണ്” എന്ന് മീനയുടെ ഭർത്താവ് പറഞ്ഞു.






