കുട്ടിയുടെ ചിത്രം മാതാപിതാക്കളുടെ അനുമതിയില്ലാതെ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് യു.എ.ഇയിൽ യുവതിക്ക് തടവുശിക്ഷയും നാടുകടത്തലും വിധിച്ചു. അഞ്ച് വയസ്സുകാരിയായ ബന്ധുവിന്റെ വീഡിയോ പൊതുവായ സ്നാപ്ചാറ്റ് (Snapchat) അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത സംഭവത്തിലാണ് ദുബായ് കോടതി ഒരു മാസം തടവും തുടർന്ന് നാടുകടത്തലും (deportation) വിധിച്ചത്.
കുടുംബസംഗമത്തിനിടെ അഞ്ച് വയസ്സുകാരിയായ പെൺകുട്ടി ഒരു ഭക്ഷണസാധനത്തിന്റെ പേര് തെറ്റായി ഉച്ചരിച്ച് തമാശ പറയുന്നതിന്റെ വീഡിയോയാണ് ബന്ധുവായ യുവതി പകർത്തി സ്നാപ്ചാറ്റിൽ പോസ്റ്റ് ചെയ്തത്. 11,000-ത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്.
കുട്ടിയുടെ പിതാവ് അനുമതിയില്ലാതെ മകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിൽ എതിർപ്പ് പ്രകടിപ്പിക്കുകയും, ഇത് കുട്ടിയുടെ സ്വകാര്യതയെയും മാനസികാരോഗ്യത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ അനുമതിയില്ലാതെ കുട്ടിയുടെ ദൃശ്യങ്ങൾ വിവരസാങ്കേതിക ശൃംഖല വഴി പ്രചരിപ്പിച്ചു, കുട്ടിയെ സൈബർ ബുള്ളിയിംഗിലേക്കും മാനസിക ബുദ്ധിമുട്ടുകളിലേക്കും തള്ളിയിട്ടു എന്നീ കുറ്റങ്ങളാണ് യു.എ.ഇ നിയമപ്രകാരം പ്രതിക്കെതിരെ ചുമത്തിയത്.
അന്വേഷണത്തിനും വിചാരണയ്ക്കും ശേഷം യുവതിക്ക് ഒരു മാസം തടവും അതിനുശേഷം യു.എ.ഇയിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.






