ഷാർജ: കാറുകളുടെ വിസ്മയക്കാഴ്ചകളും സംഗീതവും കുടുംബങ്ങൾക്കായുള്ള വിനോദപരിപാടികളുമായി ‘മോട്ടോർ ഷോ – ഷാർജ’ നവംബർ 14 ശനിയാഴ്ച അൽ ഹീറ ബീച്ചിലെത്തുന്നു. ഷാർജ നിക്ഷേപ വികസന അതോറിറ്റിയും (ഷുറൂഖ്) യുഎഇ കാർസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമാണ്.
പെർഫോമൻസ് കാറുകൾ, മോഡിഫൈഡ് കാറുകൾ, മസിൽ കാറുകൾ, ക്ലാസിക് കാറുകൾ, ജാപ്പനീസ് സ്പോർട്സ് കാറുകൾ, ഓഫ്‌റോഡ് വാഹനങ്ങൾ എന്നിവയുടെ പ്രദർശനമാണ് പ്രധാന ആകർഷണം.
വാഹനപ്രേമികൾക്ക് വിവിധ മോഡലുകൾ അടുത്തറിയാനും കാർപ്രേമികളോടൊപ്പം സംവദിക്കാനുമുള്ള അവസരമാണ് മോട്ടോർ ഷോ ഒരുക്കുന്നത്. കഴിഞ്ഞ മാസം ഷാർജ അൽ ഖസ്ബയിൽ നടന്ന പ്രദർശനത്തിൽ വൻജനപങ്കാളിത്തമുണ്ടായിരുന്നു.
തത്സമയ സംഗീതം, മസ്കോട്ട് കഥാപാത്രങ്ങളുടെ പ്രകടനങ്ങൾ, കുട്ടികൾക്കായുള്ള വിനോദപരിപാടികൾ എന്നിവയും മോട്ടോർ ഷോയോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ബീച്ചിനോട് ചേർന്നുള്ള ഭക്ഷണശാലകളിലെ വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളും സന്ദർശകർക്ക് ആസ്വദിക്കാം.
തീയതി: 2026 നവംബർ 14, ശനിയാഴ്ച
സമയം: വൈകിട്ട് 4 മുതൽ രാത്രി 9 വരെ
വേദി: അൽ ഹീറ ബീച്ച്, ഷാർജ
പ്രവേശനം: സൗജന്യം






