30 കിലോമീറ്റർ തീരപ്രദേശത്ത് ഏഴ് വാട്ടർഫ്രണ്ടുകൾ ഉൾപ്പെടുന്ന ‘അജ്മാൻ വാട്ടർഫ്രണ്ട്’ (Ajman Waterfront) വികസന പദ്ധതി അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി (Sheikh Ammar bin Humaid Al Nuaimi) ഉദ്ഘാടനം ചെയ്തു. 163 മില്യൺ ദിർഹത്തിലധികം ചെലവിൽ അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിംഗ് ഡിപ്പാർട്ട്‌മെന്റ് പൂർത്തിയാക്കിയ ബീച്ച് വികസന പദ്ധതിയെയും അദ്ദേഹം അഭിനന്ദിച്ചു.
അജ്മാൻ ബീച്ച് വികസനത്തിന്റെ ഭാഗമായി ബ്രേക്ക്‌വാട്ടറുകളോട് ചേർന്ന നടപ്പാത, 2,500 മീറ്റർ നീളമുള്ള നടപ്പാതയും സൈക്കിൾ പാതയും, ഭിന്നശേഷിക്കാർക്ക് സുരക്ഷിതമായി എത്താൻ കഴിയുന്ന പാത എന്നിവ ഒരുക്കിയിട്ടുണ്ട്. ബീച്ച് ഫുട്ബോൾ, വോളിബോൾ കോർട്ടുകൾ, കുടുംബങ്ങൾക്ക് വിശ്രമിക്കാനും തണലിനുമുള്ള സൗകര്യങ്ങൾ, കോർണിഷിൽ 1,000 പാർക്കിംഗ് ഇടങ്ങൾ എന്നിവയും സജ്ജീകരിച്ചു. എമിറാത്തി പൈതൃകം ഉൾക്കൊള്ളുന്ന തണൽ മാതൃകകളും ആധുനിക രാത്രികാല വിളക്കുകളും തിരമാലകളെ ഓർമ്മിപ്പിക്കുന്ന നീല പാതകളും ആറ് കലാശില്പങ്ങളും ബീച്ചിന് പ്രത്യേക ഭംഗി നൽകുന്നു.
കടലിൽ നിന്നുള്ള ഡ്രെഡ്ജിംഗിലും നിർമ്മാണ പ്രവർത്തനങ്ങളിലും ലഭിച്ച 10 ലക്ഷത്തിലധികം കക്കകളും ചിപ്പിത്തോടുകളും കോൺക്രീറ്റിൽ ഉൾപ്പെടുത്തി 2,500 മീറ്റർ നീളത്തിലും 40 സെന്റീമീറ്റർ വരെ വീതിയിലുമുള്ള സെൻസറി പാത നിർമ്മിച്ചു. കാഴ്ചപരിമിതിയുള്ളവർ ഉൾപ്പെടെയുള്ളവർക്ക് സുഗമമായ അനുഭവം നൽകുന്ന ഈ പാത, പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ വിഭവ വിനിയോഗത്തിന്റെ മാതൃകയാണ്.
ബീച്ചിന്റെ 21 ശതമാനം വരുന്ന 35,000 ചതുരശ്ര മീറ്റർ ഭാഗത്ത് 11,000 ചതുരശ്ര മീറ്റർ പുൽത്തകിടിയും 24,000 ചതുരശ്ര മീറ്റർ പൂച്ചെടികളും 550 മരങ്ങളും കുറ്റിച്ചെടികളും നട്ടുപിടിപ്പിച്ചു. 30 ലക്ഷം ക്യുബിക് മീറ്റർ മണൽ ശുദ്ധീകരിച്ച് ഉപയോഗിച്ചതും 3,68,000 ടൺ പാറക്കല്ലുകൾ വിനിയോഗിച്ചതും പദ്ധതിയുടെ ഭാഗമാണ്. അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിംഗ് ഡിപ്പാർട്ട്‌മെന്റ് ചെയർമാൻ ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പദ്ധതി അവലോകനത്തിൽ പങ്കെടുത്തു.






