മിഡിൽ ഈസ്റ്റിലെ ആദ്യ സമ്പൂർണ്ണ ഇലക്ട്രിക്ക് ബസ് അബുദാബിയിൽ. അബുദാബി ട്രാൻസ്‌പോർട്ട് വകുപ്പ്, ഹാഫിലാത് ഇൻഡസ്ട്രി എൽ എൽ സി, സീമെൻസ് എന്നിവയുമായി ചേർന്ന് മസ്ദർ ആണ് ഇലക്ട്രിക്ക് ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത്. മറീന മാൾ, അബുദാബി സെൻട്രൽ ബസ് സ്റ്റേഷൻ, മസ്ദർ സിറ്റി എന്നിവയ്ക്കിടയിൽ 6 സർവീസുകളാവും നടത്തുക. മാർച്ച് അവസാനം വരെ ബസ് സർവീസ് സൗജന്യമായിരിക്കും.
യു എ ഇയിലെ ചൂടുള്ള കാലാവസ്ഥ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് വെല്ലുവിളിയാണ്. എന്നാൽ ഈ പ്രശനം മറികടക്കാനുള്ള നൂതന സാങ്കേതികവിദ്യയുമായാണ് ഈ വാഹനം വികസിപ്പിച്ചിട്ടുള്ളത്. 30 യാത്രക്കാരെ ഒരേ സമയം ഉൾക്കൊള്ളുന്ന ബസ് ഒരുവട്ടം ചാർജ്ജ് ചെയ്‌താൽ 150 കിലോമീറ്റർ വരെ ഓടിക്കാൻ സാധിക്കും. ബസ്സിന്റെ മറ്റ് ഊർജ്ജ ഉപയോഗങ്ങൾക്കായി സോളാർ പാനലുകളും മുകൾഭാഗത്ത് ഉണ്ട്.
പൂർണ്ണമായും പ്രകൃതി സൗഹൃദമായ ഈ എക്കോ ബസ് യു എ ഇ ഗതാഗത മേഖലയിലെ ഒരു പുതിയ ചുവടുവെപ്പാണ്.