മാനസികാസ്വാസ്ഥ്യമുള്ള മുപ്പത്തെട്ടുകാരി സ്വദേശി യുവതിയെ ഹോട്ടൽ മുറിയിൽ വച്ച് മാനഭംഗപ്പെടുത്തിയെന്ന കുറ്റത്തിന് മുപ്പത്തിരണ്ടുകാരനായ പാക്കിസ്ഥാനി യുവാവിന് ദുബായ് കോടതി രണ്ടു വർഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാകാലാവധി പൂർത്തിയാക്കുമ്പോൾ യുവാവിനെ നാടുകടത്തുകയും ചെയ്യും.
കഴിഞ്ഞ സെപ്റ്റംബർ പത്തൊൻപതിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവതിയോട്, താൻ യു.എ.ഇ. പൗരനാണെന്നാണ് പാകിസ്ഥാനി യുവാവ് അറിയിച്ചത്. യുവതിയെ നേരിൽ കാണാനായി ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ച യുവാവ് മുറിയിൽ വച്ച് യുവതിയെ കടന്നാക്രമിക്കുകയായിരുന്നു.
ബൈപോളാർ ഡിസോർഡർ എന്ന രോഗത്തിന് പതിനേഴ് വർഷമായി ചികിത്സയ്ക്ക് വിധേയയായിക്കൊണ്ടിരിക്കുന്ന യുവതിയുടെ പരാതിയിൽ ബർദുബായ് പോലീസ് സ്‌റ്റേഷനാണ് കേസ് രജിസ്റ്റർ ചെയ്തത്.
വിചാരണക്കിടയിൽ പ്രതി കുറ്റം നിഷേധിച്ചെങ്കിലും, തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. വിധിക്കെതിരെ അപ്പീലിന് പോകാൻ രണ്ടാഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്.
റിപ്പോർട്ട് തയ്യാറാക്കിയത്: പ്രശാന്ത് ബാലചന്ദ്രൻ