അബൂദാബി ബിസിനസ്സ്

യു.എ.ഇ കാർഷിക മേഖലയ്ക്ക് ഉണർവ്വുമായി ലുലുവിൽ ഹാർവെസ്റ്റ് വീക്ക്

യു.എ.ഇ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയവുമായി (MOCCAE) ചേർന്ന് അബുദാബി-യു എ ഇ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന ”ഔവർ ഹാർവെസ്റ്റ് വീക്കിന്” ഇന്ന് (24.12. 2018) തുടക്കമായി. ഒരാഴ്ച നീണ്ടുനിൽക്കുന്ന വിപണന മേള യു.എ.ഇയിൽ ഉദ്പാദിപ്പിച്ച കാർഷിക ഉത്‌പന്നങ്ങൾ പ്രചരിപ്പിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ യു.എ.ഇ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഹിസ് എക്‌സലൻസി ഡോ.താനി ബിൻ അഹമ്മദ് അൽ സയൗദി പരിപാടി ഉദ്‌ഘാടനം ചെയ്തു.

യു.എ.ഇയിൽ പ്രാദേശികമായി കൃഷി ചെയ്ത ജൈവ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു മേള സംഘടിപ്പിച്ചിട്ടുള്ളത്.

എല്ലാ മേഖലകളിലും വിശേഷിച്ച് കാർഷിക മേഖലയിൽ സ്വയം പര്യാപ്തത നേടുകയെന്ന ഗവണ്മെന്റിന്റെ ദീർഘകാല ലക്ഷ്യം സഫലീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു സംരഭം ആരംഭിച്ചിട്ടുള്ളത് എന്ന് ബഹുമാനപ്പെട്ട മന്ത്രി തന്റെ ഉദ്‌ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു.

വിളവെടുക്കുന്ന ഉത്പന്നങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് വിപണിയിൽ എത്തിക്കുകയാണ് ലുലു ഗ്രൂപ്പ് ഈ മേളയിലൂടെ. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ കാർബൺ ബഹിർഗമനം കുറയ്ക്കുക എന്നതും പദ്ധതിയുടെ ഭാഗമാണ്.

പ്രാദേശികമായി ഉദ്പ്പാദിപ്പിച്ച കാർഷിക വസ്തുക്കൾക്ക് ലുലു ഗ്രൂപ്പ് എല്ലാ കാലത്തും വലിയ പ്രാധാന്യം നൽകിയിട്ടുണ്ടെന്നും കർഷകരിൽ നിന്നും ശുദ്ധമായ ഉത്പന്നങ്ങൾ ശേഖരിച്ച് വിപണിയിൽ എത്തിക്കുന്നതിൽ മാത്രമല്ല അവയുടെ ഗുണങ്ങളെ കുറിച്ച് ഉപഭോക്താക്കളെ ബോധവാന്മാരാക്കുന്നതിലും ലുലു പ്രതിജ്ഞാബദ്ധരാണെന്നും ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും എം ഡിയുമായ എം. എ യൂസഫലി പറഞ്ഞു. ജീവകാരുണ്യ സംഘടനയായ സായിദ് ഹയർ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ വർഷങ്ങളായി ലുലു വിപണിയിൽ എത്തിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള 157 സ്റ്റോറുകളിലൂടെ മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു എന്നതാണ് ലുലുവിന്റെ മുഖമുദ്ര.

ലുലു ഹൈപ്പർ മാർക്കറ്റിന്റെ യു എ യിലുള്ള സ്റ്റോറുകളിൽ ഡിസംബർ 24 മുതൽ 28 വരെയായിരിക്കും ഈ ഓഫർ ലഭ്യമാവുക. 120 വൈവിധ്യങ്ങളിൽ പ്രാദേശികമായി ഉദ്പാദിപ്പിച്ച പഴങ്ങളും പച്ചക്കറികളുമാണ് ഇത് വഴി വിപണനം നടത്തുന്നത്.

Leave a Comment