വാഹനം ഓടിക്കുന്നവർക്ക് മികച്ച മാതൃകയായി ഒരു 78 കാരൻ . ഡ്രൈവിങ് ലൈസൻസ് ലഭിച്ച് 49 വർഷത്തിനിടയിൽ ഒരിക്കൽപ്പോലും ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ചിട്ടില്ലാത്ത റാസൽഖൈമയിലെ സയീദ് റാഷിദ് അഹമ്മദ് ബൽഹൌൻ ആണ് ഈ അപൂർവ്വ നേട്ടത്തിനുടമ.
ഒരുവട്ടം പോലും ട്രാഫിക്ക് നിയമലംഘനത്തിന് ഫൈൻ അടക്കേണ്ടി വന്നിട്ടില്ലാത്ത ഇദ്ദേഹത്തെ തേടി ഒടുവിൽ റാസൽഖൈമ പോലീസിന്റെ ആദരം എത്തി. ഇന്ന് നടന്ന ആദരിക്കൽ ചടങ്ങിൽ സെൻട്രൽ ഓപ്പറേഷൻസ് റൂം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് സയീദ് അൽ ഹുമൈദ് അംഗീകാരം കൈമാറി.
ഡ്രൈവർമാർക്ക് ബൽഹൌൻ ഒരു ഉത്തമ മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 1969 ലാണ് ബൽഹൌൻ ഡ്രൈവിങ് ലൈസൻസ് നേടിയത്. കുവൈറ്റിൽ ആദ്യമായി ഡ്രൈവിങ് ലൈസൻസ് നേടിയ ഇദ്ദേഹം പിന്നീട് യു.എ.ഇ ലൈസൻസ് കരസ്ഥമാക്കി.ട്രാഫിക്ക് നിയമങ്ങൾക്ക് മുഖ്യപരിഗണന നൽകിക്കൊണ്ടുള്ള ഡ്രൈവിങ് ആയതിനാൽ തന്നെ ജീവിതത്തിൽ ഒരിക്കൽ പോലും ഇദ്ദേഹത്തിന് അപകടങ്ങൾ നേരിടേണ്ടി വരികയോ പിഴ കൊടുക്കേണ്ടി വരികയോ ചെയ്തിട്ടില്ല.
അടുത്ത കാലത്ത് യു എ ഇയിൽ നടത്തിയ ഒരു സർവേ പ്രകാരം ഭൂരിഭാഗം റോഡ് അപകടങ്ങളും സംഭവിക്കുന്നത് അലക്ഷ്യമായ ഡ്രൈവിങ്ങോ മൊബൈൽ ഫോൺ ഉപയോഗമോ ആണെന്ന് തെളിയുകയുണ്ടായി. ഡ്രൈവര്മാര്ക്കിടയിൽ ഇതേക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ഈ മാതൃകാ ഡ്രൈവർക്ക് ലഭിച്ച അംഗീകാരം.