ബാബരി മസ്ജിദ് കേസിൽ ഉടൻ വാദം കേൾക്കണമെന്ന ഹർജി സുപ്രീം കോടതി ജനുവരി നാലിനു പരിഗണിക്കും. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കേസിൽ അന്തിമവാദം കേൾക്കുന്നത് സുപ്രീംകോടതി ഒക്ടോബറിൽ അടുത്ത വർഷത്തേക്കു മാറ്റിയിരുന്നു. ഏതു ബെഞ്ചാണ് കേസ് പരിഗണിക്കുക എന്നതും ജനുവരിയിൽ തീരുമാനിക്കുമെന്നായിരുന്നു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയത്. ഹർജികൾ എത്രയും വേഗം പരിഗണിച്ച് വാദം പൂർത്തിയാക്കണമെന്ന ഉത്തർപ്രദേശ് സർക്കാർ അടക്കമുള്ള ഹർജിക്കാരുടെ ആവശ്യങ്ങൾ തള്ളിയായിരുന്നു നടപടി.
അയോധ്യയിലെ 2.77 ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഡ, രാം ലല്ല എന്നിവർക്കായി വീതിച്ചു നൽകിയ അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരേയുള്ള 13 ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.