യുഎഇ 2022 പുതുവത്സരം ആരംഭിച്ചതുമുതൽ മഴയും മേഘാവൃതമായ കാലാവസ്ഥയും ആണ് . ശനിയാഴ്ച രാവിലെ അൽ ഐനിലും അബുദാബിയിലെ മറ്റ് പ്രദേശങ്ങളിലും ദുബായുടെ മിക്ക ഭാഗങ്ങളിലും ഷാർജയിലും റാസൽഖൈമയിലും മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മഞ്ഞ, ഓറഞ്ച് ജാഗ്രതാനിർദ്ദേശവും നൽകിയിട്ടുണ്ട്, ഇന്ന് രാത്രി 11 മണി വരെ അസ്ഥിരമായ കാലാവസ്ഥയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.
അറബിക്കടലിനോട് ചേർന്നുള്ള തീരപ്രദേശങ്ങളിൽ സംവഹന മേഘങ്ങൾ നിരീക്ഷിച്ചിട്ടുണ്ടെന്നും ഇത് മേഘാവൃതമായ കാലാവസ്ഥയ്ക്കും ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും കാരണമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഈ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശുന്നതിനാൽ ദൂരക്കാഴ്ച കുറയുമെന്നും പൊടിക്കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ ബ്യൂറോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള വാടികളിലും താഴ്‌വരകളിലും ചുറ്റും ജാഗ്രത പാലിക്കാനും യുഎഇ നിവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.