ലോകത്ത് വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം വ്യാപിക്കുന്നതിനിടെ ഫ്രാൻസിൽ കൊവിഡിൻ്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഫ്രാൻസിലെ മാഴ്സിലിസ് പ്രദേശത്ത് പന്ത്രണ്ടോളം പേരിൽ പുതിയ വകഭേദം കണ്ടെത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ വകഭേദം ബാധിച്ച പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും വാക്സിനുകളെ അതിജീവിക്കാൻ പുതിയ വൈറസിനു ശേഷിയുണ്ടെന്നു സംശയിക്കുന്നതായും വിദഗ്ധര്‍ അറിയിച്ചു.
വേരിയൻ്റ് ഐഎച്ച്‍യു എന്നാണ് പുതിയ വകഭേദത്തിനു പേരു നൽകിയിരിക്കുന്നത്. കഴിഞ്ഞ മാസമാണ് പുതിയ വകഭേദം കണ്ടെത്തിയതെങ്കലും ബി.1.640.2 എന്ന വകഭേദത്തെ അന്താരാഷ്ട്ര ആരോഗ്യവിദഗ്ധര്‍ ശ്രദ്ധിച്ചതോടെയാണ് വീണ്ടും വാര്‍ത്തകളിൽ ഇടം നേടിയത്. ആഫ്രിക്കൻ രാജ്യമായ കാമറൂണുമായി യാത്രാപശ്ചാത്തലമുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ വകഭേദത്തിനു കൊവിഡ് 19 പരത്തുന്ന ആൽഫ വകഭേദത്തെ അപേക്ഷിച്ച് 46 ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. വാക്സിനുകളെ അതിജീവിക്കാൻ കൂടുതൽ ശേഷിയുണ്ടെങ്കിലും ഈ വകഭേദം അതിവേഗം കൂടുതൽ പേരിലേയ്ക്ക് എത്തുന്നില്ലെന്നത് ആശ്വാസവാര്‍ത്തയാണ്.