യുഎഇയിൽ പിസിആർ പരിശോധനാ ഫലം ലഭിക്കാൻ വൈകുന്നത് മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേരുടെ വിമാന യാത്ര മുടക്കി. കഴിഞ്ഞ ദിവസങ്ങളിൽ യാത്രയ്ക്കു വിമാനത്താവളത്തിലെത്തിയ പലർക്കും മടങ്ങേണ്ടിവന്നു. ടിക്കറ്റ്, പിസിആർ ഇനങ്ങളിൽ വൻ തുക നഷ്ടമായതിനു പുറമെ കൂടുതൽ തുക നൽകി മറ്റു വിമാനങ്ങളിൽ ടിക്കറ്റെടുക്കേണ്ട സ്ഥിതിയാണ് പലരും നേരിട്ടത്.
പരിശോധനയ്ക്കു എത്തുന്നവരുടെ എണ്ണം കൂടിയതും ലാബ് ജീവനക്കാരിൽ പലർക്കും കോവിഡ് ബാധിച്ചതുമാണ് ഫലം വൈകാൻ കാരണമായി പറയുന്നത്. നേരത്തേ 8–12 മണിക്കൂറിനകം ഫലം ലഭിച്ചിരുന്നു. ഇതു കണക്കാക്കി യാത്രയ്ക്ക് തലേ ദിവസം ടെസ്റ്റ് എടുത്തവർക്കാണ് 24 മണിക്കൂർ പിന്നിട്ടിട്ടും ഫലം ലഭിക്കാതിരുന്നത്.
യുഎഇയിലെ പുതിയ നിയമം അനുസരിച്ച് സർക്കാർ ജീവനക്കാർക്ക് ഈ മാസം മുതൽ നെഗറ്റീവ് ഫലം നിർബന്ധമാക്കിയതും അവധിക്കുശേഷം എത്തുന്ന വിദ്യാർഥികൾക്ക് പരിശോധനാഫലം ഹാജരാക്കേണ്ടിവരുന്നതും കാരണം പരിശോധനയ്ക്ക് കൂടുതൽ പേരാണ് എത്തുന്നത്. പിസിആർ ഫലം ലഭിക്കാൻ 3–4 ദിവസമെങ്കിലും വൈകുമെന്ന് ലാബ് അധികൃതർ അറിയിക്കുന്നുമുണ്ട്. യാത്രക്കാരല്ലാത്തവർ വിമാനത്താവളത്തിൽ പരിശോധിക്കാനെത്തിയതും തിരക്കു കൂട്ടി.