വാട്ട്സ്ആപ്പ് വഴി മയക്കുമരുന്ന് വില്‍പ്പന നടത്തിയ രണ്ട് പ്രവാസികൾക്ക് അബുദാബി ക്രിമിനല്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. മയക്കുമരുന്ന് കൈവശം വയ്ക്കുക, അവ വില്‍പ്പന നടത്തുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് രണ്ട് ഫിലിപ്പിനോ സ്വദേശികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചത്. ഇവരില്‍ നിന്ന് കണ്ടെടുത്ത മയക്കുമരുന്നുകള്‍ നശിപ്പിക്കാനും കുറ്റകൃത്യത്തിനായി ഇവര്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
വിദേശ രാജ്യങ്ങളില്‍ ഇരുന്ന് യുഎഇയില്‍ മയക്കുമരുന്ന് വ്യാപാരത്തിന് നേതൃത്വം നല്കുന്ന സംഘത്തിലെ കണ്ണികളായിട്ടാണ് രണ്ടു പേരും പ്രവര്‍ത്തിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. വിദേശത്തു നിന്നുള്ള സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരം അബുദാബിയിലെ ഒഴിഞ്ഞു കിടക്കുന്ന ഒരു കെട്ടിടത്തില്‍ നേരത്തെ എത്തിച്ച മയക്കുമരുന്ന് ശേഖരം രണ്ടു പേരും എത്തി എടുത്തുകൊണ്ടുപോകുകയും അവ ചെറിയ പാക്കറ്റുകളിലും മറ്റുമാക്കി തരം തിരിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തെന്നുമാണ് ഇരുവര്‍ക്കുമെതിരായ കുറ്റം.