ജമ്മു കാശ്മീരിൽ വൻ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്
* 200 കോടി രൂപയുടെ ഫുഡ് പ്രോസസിംഗ് & ലോജിസ്റ്റിക്സ് ഹബ് നിർമ്മിക്കാൻ ധാരണയായി
* ഹൈപ്പർമാർക്കറ്റും ആരംഭിക്കും
മിഡിൽ ഈസ്റ്റിലെ പ്രഗത്ഭ റീട്ടെയ്‌ലറായ ലുലു ഗ്രൂപ്പ് ജമ്മു കാശ്മീരിൽ 200 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചു. ഇന്ന് ദുബായിൽ നടന്ന ധാരണാപത്രം ഒപ്പുവെക്കൽ ചടങ്ങിൽ കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീർ ലഫ്.ഗവർണർ മനോജ് സിൻഹയുടെ സാന്നിധ്യത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി എംഎയാണ് ഇക്കാര്യം അറിയിച്ചത്.
3 ദിവസത്തെ യുഎഇ സന്ദർശനത്തിനെത്തിയ മനോജ് സിൻഹ, സിലിക്കൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ “കാശ്മീർ പ്രമോഷൻ വീക്ക്” ഉദ്ഘാടനം ചെയ്തു. ജിഐ ടാഗുചെയ്‌ത കുങ്കുമപ്പൂവ് ലുലു ഹൈപ്പർമാർക്കറ്റിൽ ലോഞ്ച് ചെയ്തു. ജമ്മു കശ്മീരിൽ നിന്ന് ലുലു ഗ്രൂപ്പ് ആപ്പിൾ ഇറക്കുമതി ചെയ്യുന്നുണ്ട്. ജമ്മു കശ്മീരിന്റെയും ദുബായിയുടെയും പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പായി ഇതിനെ കണക്കാക്കാമെന്ന് സിൻഹ പറഞ്ഞു. കാശ്മീരി പഴങ്ങൾ, പച്ചക്കറികൾ, കുങ്കുമപ്പൂവ്, ഡ്രൈ ഫ്രൂട്ട്‌സ്, പയർവർഗ്ഗങ്ങൾ, കരകൗശല വസ്തുക്കളും മറ്റ് ഉൽപ്പന്നങ്ങളും ഒരാഴ്ച നീളുന്ന പ്രമോഷന്റെ ഹൈലൈറ്റ് ആണ്.
ആദ്യ ഘട്ടത്തിൽ പദ്ധതികൾക്കായി 200 കോടി രൂപ നിക്ഷേപിക്കുമെന്നും വിപുലീകരണത്തിനായി അടുത്ത ഘട്ടത്തിൽ വീണ്ടും 200 കോടി രൂപ നിക്ഷേപിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലി പറഞ്ഞു. ജമ്മു കാശ്മീരിൽ സൂപ്പർമാർക്കറ്റ് സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഈ പദ്ധതികൾ പ്രാദേശിക യുവാക്കൾക്ക് ഗണ്യമായ തൊഴിലവസരങ്ങൾ നൽകുമെന്ന് മാത്രമല്ല, കാർഷിക മേഖലയ്ക്കും കർഷകർക്കും വളരെയധികം പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കുങ്കുമപ്പൂവ്, ആപ്പിൾ, വാൽനട്ട്, ബദാം എന്നിവയുടെ ഉത്പാദനത്തിൽ ജമ്മു-കാശ്മീർ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ്. ലുലു ഗ്രൂപ്പുമായുള്ള ധാരണാപത്രം ഒപ്പു വെക്കുന്നതിലൂടെ ജമ്മു കാശ്മീരിലെ ഉത്പന്നങ്ങൾക്ക് ജിസിസി, ഈജിപ്ത്, ഫാർ ഈസ്റ്റ് എന്നിവിടങ്ങളിലെ 220-ലധികം ലുലു ഹൈപ്പർമാർക്കറ്റുകളിലെ ഷോപ്പർമാരിലേക്ക് എത്തിച്ചേരാൻ സഹായകമാകും.