ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് 3.30-ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങളെ കാണും.
ഇന്ത്യയിൽ ഒമിക്രോൺ വ്യാപനം ശക്തമാവുകയും മൂന്നാം തരംഗത്തിൽ രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ ഒരു ലക്ഷം പിന്നിടുകയും ചെയ്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നത്.
കോവിഡ് വ്യാപനം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് നീട്ടിവച്ചേക്കുമെന്ന് അഭ്യൂഹം ഉണ്ടായെങ്കിലും സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനവുമായി കമ്മീഷൻ മുന്നോട്ട് പോവുകയാണ്. കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാവും ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുക.