ദുബൈ: അന്തരിച്ച വ്യാപാരിയും വുദ്യാഭ്യാസ പ്രവർത്തകനും കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ ഉപദേശക സമിതി വൈസ് ചെയർമാനും ചന്ദ്രിക ഡയറക്റ്ററുമായ പി.എ ഇബ്രാഹിം ഹാജിയുടെ ജീവിതവും സേവനങ്ങളും അടയാളപ്പെടുത്തുന്ന ബൃഹത്തായ സ്മാരക ഗ്രന്ഥം പുറത്തിറക്കാൻ കെ.എം.സി.സിയുടെ നാഷണൽ കമ്മിറ്റി തീരുമാനിച്ചു .
കേരളത്തിൽ നിന്നും ഗൾഫിലേക്കുള്ള മലയാളികളുടെ പ്രവാസത്തിന്റെ ആരംഭകാലത്ത് ദുബൈയിലെത്തിയതാണ് ഇബ്രാഹിം ഹാജി. അദ്ദേഹത്തിന്റെ ഗൾഫിലെയും നാട്ടിലെയും ജീവിതവും ഇടപാടുകളും ഇടപെടലുകളും മലയാളികളുടെ പ്രവാസ ചരിത്രത്തിന്റെ ഭാഗമാണ്. വ്യാപാര വ്യവസായ രംഗത്തും രാഷ്ട്രീയ സാമൂഹിക മേഖലയിലും ഇബ്രാഹിം ഹാജിയുമായി അര നൂറ്റാണ്ടിലധികം ബന്ധമുള്ള കേരളത്തിലെയും ഗൾഫിലെയും വ്യക്തിത്വങ്ങളും അറബ് സമൂഹത്തിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അദ്ദേഹത്തെ അനുസ്മരിപ്പിക്കുന്ന ലേഖനങ്ങളും അഭിമുഖങ്ങളും അടങ്ങുന്നതായിരിക്കും സ്മരണിക. പ്രൗഡമായ സദസ്സിൽ വരുന്ന ജൂണിൽ സ്മരണിക പുറത്തിറക്കും.
സ്മരണിക പുറത്തിറക്കാനുള്ള കെ.എം.സി.സിയുടെ തീരുമാനം അറിയിക്കുന്നതിനും കുടുംബത്തിന്റെ പിന്തുണയോടെ സ്മരണികയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും പി.എ ഇബ്രാഹിം ഹാജിയുടെ ദുബൈയിലെ വസതിയിൽ ചേർന്ന കൂടിയാലോചനയിൽ കെ.എം.സി.സി നേതാക്കളായ പുത്തൂർ റഹ്മാൻ, അൻവർ നഹ, ഇബ്രാഹിം ഹാജിയുടെ മക്കളായ സൽമാൻ,സുബൈർ, ബിലാൽ, ആദിൽ എന്നിവർ പങ്കെടുത്തു.