ജോലി ചെയ്തിരുന്ന ഡെലിവറി കമ്പനിയിൽ നിന്ന് ഒരു മില്യൺ ദിർഹം വിലവരുന്ന 31 മോട്ടോർ ബൈക്കുകൾ മോഷ്ടിച്ച ഒരാൾ ദുബായിൽ അറസ്റ്റിലായി. ഒരു ഡെലിവറി കമ്പനിയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരൻ മറ്റ് രണ്ട് പ്രതികളുമായി ഒത്തുചേർന്ന് മോട്ടോർ ബൈക്കുകൾ മോഷ്ടിക്കുകയും തുടർന്ന് ജീവനക്കാരൻ തന്നെ ഇത് കവർച്ച നടന്നതായി പോലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു.
ജീവനക്കാരൻ കവർച്ചയെക്കുറിച്ച് ദുബായ് പോലീസിനെ അറിയിക്കുകയും തെറ്റായ വിവരങ്ങൾ നൽകുകയും ചെയ്തു, എന്നാൽ കുറ്റകൃത്യത്തിന് പിന്നിൽ ജീവനക്കാരൻ തന്നെയാണെന്ന് പിന്നീട് കണ്ടെത്തിയെന്ന് ദുബായ് പൊലീസിലെ മേജർ ജനറൽ ഗുലൈത പറഞ്ഞു.
പോലീസ് റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ ഉടമ പാർക്ക് ചെയ്തിരുന്ന 150-ലധികം മോട്ടോർബൈക്കുകൾ പരിശോധിച്ചപ്പോൾ 31 ബൈക്കുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തി.
“മറ്റാരോ കവർച്ച നടത്തിയെന്ന് തെറ്റായ വിവരങ്ങൾ നൽകിയ ജീവനക്കാരൻ പോലീസിനോട് ഒടുവിൽ കവർച്ച നടത്തിയതായി സമ്മതിച്ചു. കമ്പനിയുടെ സൈറ്റിൽ നിന്ന് വളരെ ദൂരെയുള്ള വാടക സ്ഥലത്തേക്ക് ബൈക്കുകൾ കയറ്റി അയച്ചിരുന്നു. ഇതിനായി മറ്റ് രണ്ട് പേർ അവനെ സഹായിക്കുകയും ചെയ്തിരുന്നു. തുടർന്ന് ബൈക്കുകൾ കുറഞ്ഞ നിരക്കിൽ വിൽക്കാൻ ഇവർ പരസ്യം നൽകുകയും ചെയ്തു.
ബൈക്കുകളെല്ലാം കണ്ടെടുത്ത് കമ്പനിയിലേക്ക് തിരിച്ചയച്ചതായി മേജർ ജനറൽ ഗുലൈത പറഞ്ഞു. തെറ്റായ വിവരങ്ങൾ നൽകൽ, അധികാരഭംഗം വരുത്തൽ, കവർച്ച, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.