ചൊവ്വാഴ്ച തുടങ്ങുന്ന ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ അടിമുടി മാറ്റം. ഓപ്പണർമാരായ കെ.എൽ.രാഹുലിനെയും മുരളി വിജയ് യെയും മോശം ഫോമിനെ തുടർന്ന് ടീമിൽ നിന്ന് ഒഴിവാക്കി. പകരം ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമ കാഴ്ച വച്ച കർണാടക ഓപ്പണർ മയങ്ക് അഗർവാളിനെ ടീമിലെടുത്തു. മെൽബണിൽ അഗർവാളിനൊപ്പം ഹനുമ വിഹാരി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും.
പരിക്ക് ഭേദമായി രോഹിത് ശർമയും ടീമിലെത്തി. പെർത്തിൽ നാല് പേസർമാരുമായി ഇറങ്ങിയ ഇന്ത്യ ഉമേഷ് യാദവിന് ഒഴിവാക്കി രവീന്ദ്ര ജഡേജയെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തി. അശ്വിന്‍റെ പരിക്ക് ഭേദമാകാത്തതിനാലാണ് ജഡേജയ്ക്ക് ടീമിൽ എത്താനായത്. ഇഷാന്തും ഷമിയും ബുംറയും അടങ്ങുന്ന പേസ് ബൗളർമാർ നല്ല ഫോമിലായതിനാൽ ഭുവനേശ്വർ കുമാറിന് മെൽബണിലും ഓവർ ലഭിക്കാൻ ഇടയില്ല.
നാല് മത്സരങ്ങളുടെ പരന്പരയിൽ ഇരു ടീമും ഓരോ മത്സരം വിജയിച്ച് തുല്യത പാലിക്കുന്നതിനാൽ ഈ മത്സരം കടുക്കും എന്ന് ഉറപ്പ്. ഓസ്‌ട്രേലിയ ബാറ്റ്സ്മാൻ പീറ്റർ ഹാൻഡ്സ്കോമിന് പകരം ഓൾ റൗണ്ടർ മിച്ചൽ മാർഷിനെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തി.