യുഎഇയിൽ ഇന്ന് ശനിയാഴ്ച ജനുവരി 22 മുതൽ ഉടമകൾക്കും പരിശീലകർക്കുമായിട്ടുള്ള ഡ്രോണുകളുടെയും ലൈറ്റ് സ്‌പോർട്‌സ് വിമാനങ്ങളുടെയും എല്ലാ പറക്കൽ പ്രവർത്തനങ്ങളും നിർത്താൻ ആഭ്യന്തര മന്ത്രാലയം (MoI) ഉത്തരവിട്ടു.
ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷനുമായി സഹകരിച്ചാണ് എയർ, സെയിൽ സ്പോട്ടുകൾ ഉൾപ്പെടുന്നവയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്.
ഡ്രോണുകളും ലൈറ്റ് സ്‌പോർട്‌സ് വിമാനങ്ങളും പറത്താനായി അനുമതി ലഭിച്ചിട്ടുള്ള പ്രദേശത്തിന് പുറമെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നിരോധിച്ചിരിക്കുന്ന പ്രദേശങ്ങളിലേക്ക് ഇവ അതിക്രമിച്ച് കടക്കുന്നതായി അധികൃതർ അടുത്തിടെ കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം അധികൃതർ കൈകൊണ്ടിരിക്കുന്നത്.
ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷനുമായി സംയുക്തമായി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ മാനിക്കാൻ പൊതുജനങ്ങളോടും സമൂഹത്തോടും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
ഡ്രോണുകൾ ഉപയോഗിച്ചുള്ള ചിത്രീകരണത്തെ ആശ്രയിക്കുന്ന തൊഴിൽ കരാറുകളോ വാണിജ്യപരമോ പരസ്യമോ ആയ പ്രോജക്റ്റുകളുള്ള ഓർഗനൈസേഷനുകൾ, ഈ കാലയളവിൽ അവരുടെ ജോലികളും പ്രോജക്റ്റുകളും നടപ്പിലാക്കുന്നതിന് ആവശ്യമായ പെർമിറ്റുകളും എടുക്കാൻ അധികാരികളുമായി ആശയവിനിമയം നടത്തേണ്ടതുണ്ട്.
നിയമങ്ങൾ അവഗണിക്കുന്നവർക്ക് കർശനനടപടികൾ നേരിടേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയം ഉപയോക്താക്കളെ ഓർമ്മിപ്പിച്ചു.
ഡ്രോണുകളും ലൈറ്റ് സ്‌പോർട്‌സ് വിമാനങ്ങളും പറത്താനുള്ള അനുമതി പുനരാരംഭിക്കുന്നത് സംബന്ധിച്ച പ്രസ്താവനയിൽ തീയതി വ്യക്തമാക്കിയിട്ടില്ല.