രാജ്യത്തെ പുതിയ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വന്തം വിവാഹച്ചടങ്ങ് മാറ്റി വച്ച് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്തെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെയാണ് അടുത്തയാഴ്ച നടക്കാനിരുന്ന തന്റെ വിവാഹം മാറ്റിവക്കാന്‍ ജസീന്ത തീരുമാനിച്ചത്.
‘ന്യൂസിലാന്റിലെ സാധാരണക്കാരും ഞാനും തമ്മില്‍ ഒരു വ്യത്യാസവുമില്ല. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം തങ്ങളുടെ ജീവിതത്തിലെ പ്രധാന ചടങ്ങുകള്‍ പലതും മാറ്റിവക്കേണ്ടി വന്ന പലരേയും എനിക്കറിയാം. എല്ലാവരോടും ഞാന്‍ ക്ഷമാപണം നടത്തുന്നു. എന്റെ വിവാഹച്ചടങ്ങും ഞാന്‍ മാറ്റിവക്കുകയാണ്’. ജസീന്ത പറഞ്ഞു.
പൂര്‍ണമായും വാക്‌സിന്‍ എടുത്ത 100 പേരെ പങ്കെടുപ്പിച്ച് ചടങ്ങുകള്‍ നടത്താമെന്ന നിര്‍ദേശമുണ്ടെങ്കിലും തന്റെ വിവാഹച്ചടങ്ങ് മാറ്റിവക്കാനാണ് ജസീന്തയുടെ തീരുമാനം.
ടെലിവിഷന്‍ അവതാരകനായ ക്ലാര്‍ക്ക് ഗേഫോഡാണ് ജസീന്തയുടെ പങ്കാളി. ഒരു പരിപാടിക്കിടെയാണ് ഗേഫോഡിനെ ജസീന്ത കാണുന്നതും പരിചയപ്പെടുന്നതും. ഈ പരിചയം പിന്നീട് പ്രണയത്തിലും വിവാഹത്തിലും കലാശിക്കുകയായിരുന്നു. ഇരുവര്‍ക്കും മൂന്നു വയസ്സുകാരിയായ ഒരു മകളുമുണ്ട്. അടുത്തിടെയാണ് ഇരുവരും തങ്ങളുടെ വിവാഹം പ്രഖ്യാപിച്ചത്.
ന്യൂസിലാന്റിലെ െ്രെകസ്റ്റ് ചര്‍ച്ച് കൂട്ടക്കൊല മുതല്‍ തന്റെ നിലപാടുകള്‍ കൊണ്ട് ലോകശ്രദ്ധ പിടിച്ചു പറ്റിയ ജസീന്ത ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ മാതൃകയാണ് ജസീന്ത ലോകത്തിന് സമര്‍പ്പിച്ചത്.