വിസിറ്റ് വിസയിൽ വന്ന് അബുദാബിയിലേക്ക് പോകാനായി വാക്‌സിൻ എടുക്കാത്തവർക്കും എടുത്തവർക്കുമുള്ള നിയമങ്ങൾ അബുദാബിയിലെ സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് (DCT) ഓർമ്മപ്പെടുത്തി.
വാക്സിനെടുത്ത വിസിറ്റ് വിസയിൽ വന്നവർ / ടൂറിസ്റ്റുകൾ യുഎഇയിൽ നിന്ന് 14 ദിവസത്തിനുള്ളിൽ ലഭിച്ച PCR നെഗറ്റീവ് ഫലമോ, സ്വന്തം രാജ്യത്തുനിന്ന് 48 മണിക്കൂറിനകം ലഭിച്ച PCR നെഗറ്റീവ് ഫലമോ അതിർത്തിയിൽ കാണിക്കണം. വാക്സിനെടുക്കാത്തവർ 96 മണിക്കൂറിനകം ലഭിച്ച PCR നെഗറ്റീവ് ഫലം കാണിക്കണം.
ദുബായിൽ നിന്ന് അബുദാബിയിലേക്ക് റോഡുമാർഗം വരുന്നവർക്ക് അതിർത്തിയിൽ ഒരു പരിശോധനാകേന്ദ്രം ഉണ്ടാകും. ഇതിൽ ഏറ്റവും വലതുഭാഗത്തുള്ള ഒന്നാം ലൈൻ ടൂറിസ്റ്റുകൾക്കായി മാത്രമുള്ളതാണ്. ഇതോടുചേർന്ന് വിനോദസഞ്ചാരികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനായി ഗസ്റ്റ് സർവീസ് ഓഫീസും സ്ഥിതിചെയ്യുന്നുണ്ട്. വാക്സിനെടുക്കാത്തവർ അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകളുടെ അംഗീകൃത അടയാളപ്പെടുത്തലുകളോടുകൂടിയ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഇവിടെ നൽകണം.
ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുന്നതും അല്ലാത്തതുമായ രാജ്യങ്ങളിൽ നിന്നും വരുന്ന വാക്സിനെടുത്തതും എടുക്കാത്തതുമായ ടൂറിസ്റ്റുകൾപാലിക്കേണ്ട വ്യവസ്ഥകൾ ചുവടെ ചേർക്കുന്നു.
ലോകാരോഗ്യ സംഘടനയും, യു.എഇ ആരോഗ്യപ്രതിരോധമന്ത്രാലയവും അംഗീകരിച്ച വാക്സിനുകളെടുത്തവർക്ക് അബുദാബിയിലേക്ക് പ്രവേശമുണ്ടാകും.
വാക്സിനെടുത്ത എല്ലാ രാജ്യങ്ങളിൽനിന്നുള്ളവർക്കും ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്നുള്ള വാക്സിനെടുക്കാത്തവർക്കും അബുദാബിയിൽ ക്വാറന്റീൻ ഉണ്ടാകില്ല.
യുഎഇയിലേക്കുള്ള / അബുദാബിയിലേക്കുള്ള യാത്രയ്ക്ക് 48 മണിക്കൂർ മുമ്പ് ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA UAE Smart) ഡൗൺലോഡ് ചെയ്തോ വെബ്‌സൈറ്റ് വഴിയോ ‘രജിസ്റ്റർ അറൈവൽ ഫോറം’ പൂരിപ്പിക്കണം. വാക്സിനേഷൻ വിവരങ്ങളും മെഡിക്കൽ കാരണങ്ങളാൽ വാക്സിൻ എടുക്കാത്ത വിഭാഗത്തിൽപ്പെടുന്നതാണെങ്കിൽ ആ വിവരങ്ങളും ഇതിൽ വ്യക്തമാക്കണം. ഇതോടൊപ്പം പാസ്പോർട്ട് വിവരങ്ങൾ വാക്സിൻ സർട്ടിഫിക്കറ്റ് എന്നിവയും അപ്‌ലോഡ് ചെയ്യണം. ഇത് പരിശോധിച്ചുറപ്പാക്കിയ ശേഷം വകുപ്പിൽനിന്നുള്ള യാത്രാനുമതിയും ലഭിക്കണം. 48 മണിക്കൂറിനകം ലഭിച്ച PCR നെഗറ്റീവ് ഫലം കൂടിയുണ്ടെങ്കിൽ യാത്ര ചെയ്യാവുന്നതാണ്.
അബുദാബിയിൽ വന്നിറങ്ങിയ ഉടൻ 12 വയസ്സിന് മുകളിലുള്ളവർക്കെല്ലാം വിമാനത്താവളത്തിൽ PCR പരിശോധന നടത്തും. പരമാവധി 90 മിനിറ്റിനകം ഫലം ലഭിക്കുന്ന പരിശോധന സൗജന്യമാണ്. വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങി ഫലം വരുന്നതുവരെ അവരവരുടെ താമസസ്ഥലങ്ങളിൽ കഴിയണം.
ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്നും വന്നവരാണെങ്കിൽ ആറാംദിവസം മറ്റൊരു PCR പരിശോധന നടത്തണം. ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നുള്ളവർ നാലാം ദിവസവും എട്ടാം ദിവസവും PCR പരിശോധന നടത്തണം. അബുദാബിയിൽ വന്നിറങ്ങിയ ദിവസമാണ് ഒന്നാം ദിവസമായി കണക്കാക്കുക.
മറ്റ് എമിറേറ്റുകളിൽ നിന്നും അബുദാബിയിലേക്ക് പ്രവേശിക്കുന്ന ദേശീയ, അന്തർദേശീയ വിനോദ സഞ്ചാരികളും യാത്രികരും പാലിക്കേണ്ട വ്യവസ്ഥകൾ ഇങ്ങനെ
അബുദാബി ചെക് പോയന്റ് സ്കാനിങ് – അബുദാബിയിലേക്ക് റോഡുമാർഗം പ്രവേശിക്കുമ്പോൾ ഇ.ഡി.ഇ. സ്കാനിങിന് വിധേയമാകണം. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് പ്രത്യേക ആന്റിജൻ പരിശോധന സൗജന്യമായി ലഭ്യമാക്കും. ഇതിൽ പോസിറ്റീവ് ഫലം ലഭിക്കുന്നവർ അബുദാബിയിൽ ഹോട്ടലിലോ, താമസസ്ഥലങ്ങളിലോ ഐസൊലേഷനിൽ പ്രവേശിക്കണം.
വാക്സിനെടുത്തവർ അതത് രാജ്യങ്ങളിൽ നിന്നുള്ള രണ്ടുഡോസ് വാക്സിനേഷൻ രേഖകളും 14 ദിവസത്തിനുള്ളിൽ ലഭിച്ച PCR നെഗറ്റീവ് ഫലവും. വാക്സിനെടുക്കാത്ത ടൂറിസ്റ്റുകൾ 96 മണിക്കൂറിനകം ലഭിച്ച PCR നെഗറ്റീവ് ഫലവും ഹാജരാക്കണം.
ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്നും ദുബായ് അല്ലെങ്കിൽ മറ്റ് എമിറേറ്റുകൾ വഴി അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക് അബുദാബിയിൽ പ്രവേശിച്ച ശേഷം ക്വാറന്റീൻ ആവശ്യമില്ല. ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നും വരുന്ന വാക്സിനെടുക്കാത്തവർ മറ്റ് എമിറേറ്റുകൾ വഴി അബുദാബിയിലേക്ക് പ്രവേശിച്ചാൽ 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.
മറ്റ് എമിറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളും ക്വാറന്റീൻ ദിവസങ്ങളുടെ എണ്ണത്തിലേക്ക് കണക്കാക്കാം.