ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ കണ്ടെത്തിയ അജ്ഞാത, അഴുകിയ മൃതദേഹത്തിന്റെ മരണ സമയം നിർണ്ണയിക്കാൻ പ്രാണികൾ ദുബായ് പോലീസിനെ സഹായിച്ചു.
മൃതദേഹം കണ്ടെത്തുന്നതിന് കൃത്യം 63.5 മണിക്കൂര്‍ മുമ്പ് ആ വ്യക്തി മരിച്ചെന്ന് കണ്ടെത്തിയെന്ന് ഫോറന്‍സിക് സയന്‍സ് ആന്‍റ് ക്രിമിനോളജി ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു. ദുബായ് പോലീസിലെ ഫോറന്‍സിക് എന്റമോളജിയും എന്‍എസ്എഫ് ഇന്റര്‍നാഷണലും സഹകരിച്ചാണ് ഇത് സാധ്യമാക്കിയത്. കൂടാതെ, അമേരിക്കയിലും യൂറോപ്പിലും ഈ സാങ്കേതിക വിദ്യ ദശാബ്ദങ്ങളായി ഉപയോഗിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. മുമ്പ് അഴുകിയ മൃതദേഹം കണ്ടാല്‍ കാലപ്പഴക്കം ഏകദേശം കണക്കാക്കാനെ സാധിച്ചിരുന്നുള്ളു.
മൃതദേഹത്തില്‍ കാണുന്ന പുഴുക്കളുടെയും പ്രാണികളുടെയും കാലചക്രവും വ്യത്യസ്ത പരിസ്ഥിതികളില്‍ അവയ്ക്ക് വരുന്ന വ്യത്യാസവും മനസിലാക്കിയാണ് വിവരങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രാണികളുടെ എണ്ണം, ലാര്‍വ ഘട്ടങ്ങള്‍ എന്നിവ പഠിക്കുന്നത് പോസ്റ്റ്‌മോര്‍ട്ടം സൂചിക, മൃതദേഹത്തിന്റെ സ്ഥാനത്ത് എന്തെങ്കിലും മാറ്റം, മരണകാരണം എന്നിവ കണക്കാക്കാന്‍ പോലീസിനെ പ്രാപ്തമാക്കുന്നെന്ന് ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഫോറന്‍സിക് ആന്റ് ക്രിമിനോളജി ഡയറക്ടര്‍ മേജര്‍ ജനറല്‍ അഹ്മദ് ഈദ് അല്‍ മന്‍സൂരി അഭിപ്രായപ്പെട്ടു.