കൊല്ലം. യുഎഇയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന കൊല്ലം അഞ്ചുകല്ലുംമൂട് സ്വദേശി ഫജർ മൻസിലിൽ നൗഷാദ് പുന്നത്തല (മുഹമ്മദ് നൗഷാദ്–60) അന്തരിച്ചു.
യുണൈറ്റഡ് മലയാളി അസോസിയേഷൻ കൺവീനർ, ഭാവന ആർട്സ് സൊസൈറ്റി പ്രസിഡന്റ്, കൊല്ലം പ്രവാസി സംഗമം പ്രസിഡന്റ് തുടങ്ങി ദുബായിലെ വിവിധ സംഘടനകളുടെ അമരത്ത് സജീവമായിരുന്നു. 36 വർഷമായി ദുബായിലുണ്ടായിരുന്ന നൗഷാദ് ഏറെ കാലം ഡിഫൻസിലായിരുന്നു. പിന്നീട് ഹയാത്ത് ലോജിസ്റ്റിക്സിൽ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ചികിത്സാർഥം ഒന്നര വർഷമായി നാട്ടിലായിരുന്നു. 5 ദിവസം മുൻപാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് മാനദണ്ഡപ്രകാരം കുടുംബാംഗങ്ങൾക്കു മാത്രമേ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ അനുമതിയുള്ളൂ. കബറടക്കം ഇന്ന് (ചൊവ്വ) മാവല്ലി ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ആരിഫ നൗഷാദ്. മകൾ: ഹാജറ. മരുമകൻ: ഫഹദ്.