5 ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയില്‍ എത്തിയപ്പോള്‍ ഊഷ്മളമായ സ്വീകരണമാണ് യുഎഇ ഭരണാധികാരികളില്‍ നിന്നും മലയാളി പ്രവാസികളില്‍ നിന്നും ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏറെ ദിവസത്തിന് ശേഷം ഇന്ന് 6 മണിക്ക് നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
യുഎഇയിലെ ഭരണാധികാരികളോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും കേരളത്തിന്റെ വികസനത്തില്‍ യുഎഇ നല്കി വരുന്ന പിന്തുണയ്ക്ക് ഭരണാധികാരികളോട് നന്ദി അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെച്ചപ്പെട്ട വ്യവസായ സൗഹൃദാന്തരീക്ഷം ഒരുങ്ങുന്ന കേരളത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ മുന്‍കൈയ്യെടുക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. ഇന്ത്യയില്‍ ഏറ്റവും നന്നായി മെച്ചപ്പെടുന്ന വ്യവസായ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. യുഎഇ സര്‍ക്കാര്‍ മേഖലയില്‍ നിന്നും സ്വകാര്യ മേഖലകളില്‍ നിന്നുള്ള നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്തു. ഇതിനായി സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഉറപ്പ് നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ പുരോഗതിക്കുള്ള തടസ്സങ്ങള്‍ മറികടക്കാനുള്ള ശ്രമങ്ങള്‍ക്ക് വലിയ ഊര്‍ജമാണ് യുഎഇയില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങള്‍. അതിന് ചാലകശക്തികളായത് പ്രവാസികളാണ്. എപ്പോഴും അത് അങ്ങനെ തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ മുതൽ മുടക്കാൻ കൂടുതൽ സംരഭകർ താൽപര്യമറിയിച്ചിട്ടുണ്ട്. കേരളത്തിൽ മുതൽമുടക്കുന്ന നിക്ഷേപകർക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുവെന്നും നിക്ഷേപ ചർച്ചകൾക്കായി അബുദാബി ചേംബർ അധികൃതർ ഉടൻ കേരളത്തിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.