ലോകരാജ്യങ്ങൾ ഒരുമിച്ചൊരുക്കുന്ന ‘വിഭവങ്ങളുടെ എക്സ്പോ’ ഈ മാസം 14ന് ആരംഭിക്കും. എക്സ്പോ ചരിത്രത്തിലെ ഏറ്റവും വലിയ വിഭവമേളയിൽ നാടൻ മുതൽ പുത്തൻ രുചികൾ വരെ ആസ്വദിക്കാനാകും. അടുത്തമാസം 13 വരെ വിവിധ പ്രമേയങ്ങളിലാണ് ഭക്ഷ്യമേള നടക്കുക.
പ്രണയദിനമായ ഫെബ്രുവരി 14 മുതൽ 27 വരെ എക്സ്പോ റസ്റ്ററന്റ് വാരാചരണമാണ്. 18 മുതൽ അടുത്തമാസം 6 വരെ ബാർബിക്യു ഫെസ്റ്റും 21 മുതൽ അടുത്തമാസം 13 വരെ ഡൈൻ എറൗണ്ട് ദ് വേൾഡും അരങ്ങേറും. എക്സ്പോയിലെ ‘ആകാശപ്പൂന്തോട്ട’ത്തിലിരുന്ന് ഇന്ത്യൻ, തായ്, ആഫ്രിക്കൻ, മൊറോക്കൻ, അറേബ്യൻ, കൊറിയൻ തുടങ്ങിയ ലോകത്തെ എല്ലാ വൈവിധ്യമാർന്ന രുചിയും നുകരാം. സസ്റ്റെയ്നബിലിറ്റി, മൊബിലിറ്റി, ഓപ്പർച്യൂണിറ്റി മേഖലകളിലെ ഉൾപ്പെടെ ചെറുതും വലുതുമായ എല്ലാ ഭക്ഷണശാലകളും മേളയിൽ അണിനിരക്കും. വിവിധ വിഭാഗക്കാർക്കുള്ള ആകർഷക പാക്കേജുകളുണ്ടാകുമെന്നു സംഘാടകർ അറിയിച്ചു.
എക്സ്പോയിൽ നാട്ടുതനിമ നിറഞ്ഞ വിഭവങ്ങളൊരുക്കാൻ ഏറ്റവും മികച്ച പാചകവിദഗ്ധരെയാണ് ഓരോ രാജ്യവും എത്തിച്ചത്. വിവിധതരം മസാലച്ചായ, മുളയിലച്ചായ, കബാബുകൾ, കുൽഫി, രസ്മലായ്, ദക്ഷിണേന്ത്യൻ പായസങ്ങൾ, മുഗൾ രുചിക്കൂട്ടുകൾ എന്നിവകൾ ഇന്ത്യൻ ഷെഫുമാർ അവതരിപ്പിച്ചു.
ഭക്ഷ്യ മേളയിൽ രാജ്യാന്തര പാചകവിദഗ്ധരുടെ വൻ നിരയുണ്ടാകും. എക്സ്പോ കലവറകളിൽ ഉപയോഗിക്കുന്ന പച്ചക്കറികളിലേറെയും യുഎഇയുടെ സ്വന്തം എക്സ്പോ വേദിയായ ദുബായ് സൗത്തിനോടു ചേർന്നുള്ള 1.3 ലക്ഷം ചതുരശ്ര അടി വെർട്ടിക്കൽ ഫാമിൽ പ്രതിദിനം 2,700 കിലോ ഇലവർഗങ്ങൾ ഉൾപ്പെടെയുള്ള പച്ചക്കറി വിളവെടുക്കുന്നതിനാൽ സന്ദർശകർക്ക് സംശുദ്ധ ഭക്ഷണം കഴിക്കാം. വിവിധ എമിറേറ്റുകളിലെ ജൈവ കൃഷിയിടങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളും എത്തിക്കുന്നുണ്ട്.