എ.ബി.സി കാർഗോയും റേഡിയോ ഏഷ്യയും ചേർന്നു സംഘടിപ്പിച്ച ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ പുരസ്കാരം കേരള പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസിന്. ദുബായ് ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ എ.ബി.സി കാർഗോ മാനേജിങ് ഡയറക്ടർ ഡോ. ശരീഫ് അബ്ദുൽ ഖാദർ സമ്മാനിച്ചു. പൊതുമരാമത്ത് വകുപ്പിൽ ഊർജ്ജസ്വലതയോടെയും സൂക്ഷ്മതയോടെയും നവീന കാഴ്ചപ്പാടുകളോടെയും പദ്ധതികൾ നടപ്പിലാക്കുന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രവർത്തനരീതി പൊതുസമൂഹത്തിൽ മതിപ്പുളവാക്കുന്നതാണെന്ന് ഡോ. ശരീഫ് അബ്ദുൽഖാദർ പറഞ്ഞു. ടൂറിസം രംഗത്തെ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ കേരളത്തെ കൂടുതൽ മികച്ചതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ എ.ബി.സി കാർഗോ ഡയറ്കടർ ബോഡ് അംഗങ്ങളായ ഷമീറ ശരീഫ്, ഷാജഹാൻ അബ്ദുൽഖാദർ എന്നിവരും നിഷാദ്, ഹകീം, നിഖിൻ, പ്രവീണ, റേഡിയോ ഏഷ്യ പ്രോഗ്രാം ഡയറക്ടർ രമേശ് പയ്യന്നൂർ, ന്യൂസ് എഡിറ്റർ അനൂപ് കീച്ചേരി, മഹേഷ് കണ്ണൂർ, മാർക്കറ്റിംഗ് വിഭാഗം പ്രതിനിധികളായ ജയലക്ഷ്മി, ജിക്കു ജോസഫ് എന്നിവരും പങ്കെടുത്തു.
പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിലാണ് തന്റെ ശ്രദ്ധയെന്നും
ലഭിച്ച അവാർഡ് മന്ത്രിസഭയിലെ എല്ലാവർക്കുമായി സമർപ്പിക്കുന്നുവെന്നും മറുപടിപ്രസംഗത്തിൽ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. റോഡ് വികസനത്തിൽ ഗുണമേന്മയും സുതാര്യതയും ഉറപ്പാക്കാൻ പി ഡബ്ല്യൂ ഡി മാന്വൽ പ്രകാരമുള്ള നടപടിക്രമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ട്. വിനോദ സഞ്ചാരമേഖലയിൽ കേരളത്തിലെ ഓരോ ഗ്രാമ പ്രദേശങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് പുത്തൻ പദ്ധതികൾ വിഭാവനം ചെയ്യും. ടൂറിസത്തെ കൂടുതൽ ജനകീയമാക്കി മുന്നോട്ടുകൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷ.
കേരളത്തിന്റെ ടൂറിസം മേഖലയിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ട് അബുദാബി സർക്കാരുമായി വിവിധ പദ്ധതികൾ ചർച്ചചെയ്തിട്ടുണ്ടെന്നും അബുദാബിയിൽ നിന്നുള്ള പ്രതിനിധികളെ കൂടുതൽ ചർച്ചകൾക്കായി കേരളത്തിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാദ് പറഞ്ഞു.