ദുബായിൽ ” മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ” നാളെ തുറക്കും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിൽ നാളെ ഫെബ്രുവരി 22ന് ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ലോകത്തിനു മുന്നിൽ തുറന്നുകൊടുക്കും.പരിസ്ഥിതി സംരക്ഷണത്തിലൂടെ സുരക്ഷിത ലോകമൊരുക്കുകയെന്ന ലക്ഷ്യമാണ് പ്രധാനമായും മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ മുന്നോട്ടുവയ്ക്കുന്നത്.
നിർമ്മാണത്തിൽ ഒമ്പത് വർഷം എടുത്ത മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടമായി കണക്കാക്കപ്പെടുന്നു.
ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളില്‍ ഒന്നാണ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍. സ്വദേശി കലാകാരനായ മത്തര്‍ ബിന്‍ ലഹെജ് രൂപകല്‍പന ചെയ്ത 14,000 മീറ്റര്‍ അറബിക് കാലിഗ്രഫി കാണാം. മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് 30,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണവും 77 മീറ്റര്‍ ഉയരവുമുണ്ട്.
ഗവേഷണത്തിനുള്ള നൂതന ലാബുകൾ, ക്ലാസ് മുറികൾ, പുത്തൻ സാങ്കേതിക വിദ്യകളെക്കുറിച്ച് അറിവു പകരുന്ന മേഖലകൾ തുടങ്ങിയവയാണ് മ്യൂസിയത്തിലെ പ്രധാന ആകർഷണങ്ങൾ. ബഹിരാകാശം, കാലാവസ്ഥാ മാറ്റം, ആരോഗ്യം, ഭാവി പദ്ധതികൾ തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ലഭ്യമാകും. മ്യൂസിയത്തിനു ചുറ്റുമുള്ള പാർക്കിൽ 80 ഇനം അപൂർവ സസ്യങ്ങളാണുള്ളത്. സ്മാർട് സാങ്കേതിവിദ്യ ഉപയോഗിച്ചാണ് ജലസേചനം നടത്തുന്നത്.
എമിറേറ്റ്‌സ് ടവേഴ്‌സ് മെട്രോ സ്‌റ്റേഷനുമായി ബന്ധിപ്പിച്ച് 212 മീറ്റര്‍ നീളമുള്ള പാലം ഉണ്ട്. 145 ദിര്‍ഹമാണ് പ്രവേശന നിരക്കായി ഈടാക്കുന്നത്. 3 വയസ്സില്‍ താഴെയുള്ള കുട്ടികള്‍, 60 കഴിഞ്ഞവര്‍ എന്നിവര്‍ക്ക് പുറമെ നിശ്ചയദാര്‍ഢ്യ വിഭാഗക്കാര്‍ക്കും ഒപ്പമുള്ളയാള്‍ക്കും പ്രവേശനം സൗജന്യമാണ്.
എമിറേറ്റ്‌സ് ടവേഴ്‌സ്, ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍, ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ എന്നിവയ്ക്ക് സമീപമാണ് പരമ്പരാഗത ആധുനീക വാസ്തുശില്‍പ വിദ്യകള്‍ ഒരുമിക്കുന്ന മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍.