റഷ്യന്‍ അധിനിവേശ ഭീതിയിലുള്ള ഉക്രൈനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സുരക്ഷാ കൗണ്‍സില്‍ ശുപാര്‍ശ. സുരക്ഷാ കൗണ്‍സിലിന്റെ നിര്‍ദ്ദേശം പാര്‍ലമെന്റ് അംഗീകരിക്കുന്നതോടെ അടിയന്തരാവസ്ഥ നിലവില്‍ വരും.
റഷ്യ സ്വതന്ത്രമായി പ്രഖ്യാപിച്ച ഡൊണട്സ്കി, ലുഹാന്‍സ്കി പ്രവശ്യകളില്‍ ഒഴികെയുള്ള ഇടങ്ങളിലാണ് നിര്‍ദ്ദേശം നടപ്പിലാവുന്നതോടെ അടിയന്തരാവസ്ഥ നിലവില്‍ വരുക. ഈ മേഖലയില്‍ 2014 മുതല്‍ തന്നെ അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുണ്ട്. തുടക്കത്തില്‍ 30 ദിവസത്തേക്ക് നടപ്പില്‍ വരുന്ന അടിയന്തരാവസ്ഥ പിന്നീട് സാഹചര്യം പരിഗണിച്ച് നീട്ടണോ വേണ്ടയോ എന്ന് തീരുമാനിക്കും.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെങ്കിലും ഏതൊക്കെ മേഖലകളില്‍ ഏത് നിയന്ത്രണം വേണമെന്ന കാര്യം അതാത് മേഖലയിലെ ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാം. ഗതാഗത നിയന്ത്രണവും യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കലും ഉള്‍പ്പെടെയുള്ള നടപടികളാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതോടെ നിലവില്‍ വരുക.
അതേസമയം, റഷ്യയിലുള്ള തങ്ങളുടെ പൗരന്മാരോട് അടിയന്തരമായി തിരികെ വരാന്‍ ഉക്രൈന് നിര്‍ദ്ദേശിച്ചു. ഇനി ആരും റഷ്യയിലേക്ക് പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. കരുതല്‍ സേനാംഗങ്ങളോട് തയ്യാറായി ഇരിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ട് ലക്ഷത്തിലേറെ കരുതല്‍ സേനാംഗങ്ങള്‍ ഉക്രൈനിനുണ്ട്.