റഷ്യന്‍ ആണവ പ്രതിരോധ സേനയ്ക്ക് വ്ളാദിമര്‍ പുടിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. സേനാ തലവന്മാര്ക്കാണ് പുടിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പടിഞ്ഞാറന്‍ രാജ്യങ്ങളെ രൂക്ഷമായി വിമര്‍ശിച്ച പുടിന് നാറ്റോ പ്രകോപിപ്പിക്കുന്നു എന്ന് അഭിപ്രായപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യുക്രൈനില്‍ യുദ്ധം നാലാം ദിവസവും തുടരുന്നതിനിടെ ചര്‍ച്ചയ്ക്ക് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് ആണവ ഭീഷണിയുമായി പുടിന് രംഗത്തെത്തിയെന്ന സൂചനകള്‍ വന്നിരിക്കുന്നത്.
ചര്‍ച്ചയ്ക്കായി ബെലാറസിലേക്ക് യുക്രൈന് പ്രതിനിധി സംഘം യാത്ര തുടങ്ങിയതായാണ് നേരത്തെ പുറത്തുവന്ന വിവരം . റഷ്യയാണ് ബെലാറൂസില്‍ വെച്ച് ചര്‍ച്ച നടത്താന്‍ സന്നദ്ധത അറിയിച്ചതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.