ബെലാറൂസിൽ നടന്ന റഷ്യ- യുക്രൈൻ ചർച്ച അവസാനിച്ചു. ചർച്ചയിൽ സമ്പൂർണ സേനാ പിൻമാറ്റം എന്ന ആവശ്യം യുക്രൈൻ ആവർത്തിച്ചു. ക്രൈമിയയിൽ നിന്നും ഡോൺബാസിൽ നിന്നും റഷ്യൻ സേന പിൻമാറണം. വെടിനിർത്തലും സേനാ പിൻമാറ്റവുമാണ് പ്രധാന ആവശ്യങ്ങളെന്ന് യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്കി നേരത്തെ തന്നെ അറിയിച്ചിരുന്നു.
ഇതിനിടെ യുക്രൈന്റെ തലസ്ഥാനമായ കീവിൽ നിന്ന് മാറാൻ ജനങ്ങൾക്ക് റഷ്യൻ സേന നിർദ്ദേശം നൽകി.നഗരത്തിന് പുറത്തേക്ക് സുരക്ഷിത പാത നൽകാമെന്നും സൈന്യം അറിയിച്ചിട്ടുണ്ട്. രാത്രി എട്ട് മുതൽ രാവിലെ ഏഴ് വരെ കീവിൽ വീണ്ടും കർഫ്യൂ പ്രഖ്യാപിച്ചു.
അതേസമയം, ബെലാറൂസിലെ എംബസിയുടെ പ്രവർത്തനം യുഎസ് നിർത്തിവെച്ചു. ബെലാറൂസ് റഷ്യക്ക് സഹായം തുടർന്നാൽ കടുത്ത നടപടിയെടുക്കുമെന്നും യുഎസ് മുന്നറിയിപ്പ് നൽകി. മോസ്കോ എംബസിയിലെ പ്രധാന ചുമതലയില്ലാത്ത ഉദ്യോഗസ്ഥർക്ക് മടങ്ങാൻ നിർദ്ദേശം നൽകി. കുടുംബാംഗങ്ങളേയും തിരികെ കൊണ്ടുപോരാൻ യുഎസ് നിർദ്ദേശിച്ചു.