റഷ്യയിലുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാന്‍ അമേരിക്ക നിര്‍ദ്ദേശിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരോടും മടങ്ങിയെത്താന്‍ നിര്‍ദ്ദേശം നല്‍കി. ബെലാറൂസിലെ യു എസ് അംബസി അടയ്ക്കുകയും ചെയ്തു.
അതേസമയം, ബെലാറൂസില്‍ റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ച തുടരുന്നു. റഷ്യന്‍ സേനയുടെ പിന്മാറ്റവും വെടിനിര്‍ത്തലുമാണ് പ്രധാന അജണ്ട. ബെലാറൂസ് അതിര്‍ത്തിയിലാണ് സമാധാന ചര്‍ച്ച നടക്കുന്നത്. പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവാണ് യുക്രൈന്‍ സംഘത്തെ നയിക്കുന്നത്. ചര്‍ച്ചകള്‍ മൂന്നാം റൗണ്ടിലെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.
റഷ്യ ധാരണക്ക് തയ്യാറാണെന്ന് ചര്‍ച്ച തുടങ്ങിയ അവസരത്തില്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചര്‍ച്ചയില്‍ എന്ത് പറയുമെന്ന് മുന്‍കൂട്ടി പറയില്ലെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. നിരുപാധികം കീഴടങ്ങുക, നാറ്റോ, ഇയു അംഗത്വ ആവശ്യം ഉപേക്ഷിക്കുക എന്നിവയിലേതെങ്കിലുമൊന്നാകും റഷ്യ ആവശ്യപ്പെടുക എന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം യുക്രൈന്‍ അംഗീകരിക്കുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.